ഹൈദരാബാദ്: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ് വഹിച്ച പങ്കിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദംതള്ളി എഐഎംഐഎം പ്രസിഡന്റും ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആര്‍എസ്എസിന്റെ ഒരംഗം പോലും ജീവത്യാഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ഷെയ്ക്‌പെട്ടില്‍ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഒവൈസി.
പ്രധാനമന്ത്രിയുടെ അവകാശവാദം
സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തില്‍ ആര്‍എസ്എസ് പങ്കെടുത്തുവെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. ഈ കഥ എവിടെനിന്ന് വന്നെന്ന് ഞാന്‍ ആശ്ചര്യപ്പെടുകയും ആശങ്കപ്പെടുകയും ചെയ്തു. രാജ്യത്തിനുവേണ്ടി പോരാടി ആര്‍എസ്എസിന്റെ ഒരംഗത്തിനും ജീവന്‍ നഷ്ടമായിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്. ആര്‍ക്കെങ്കിലും ഒരാളുടെ പേര് പറയാനാകുമെങ്കില്‍ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്, ഒവൈസി പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരിക്കലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ലെന്ന് ബ്രിട്ടീഷ് രേഖകളില്‍
ആര്‍എസ്എസ് സ്ഥാപകനായ കെ.ബി. ഹെഡ്‌ഗേവാര്‍, സംഘടന സ്ഥാപിക്കുന്നതിന് മുന്‍പാണ് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് സ്ഥാപിക്കുന്നതിന് മുന്‍പാണ് ഹെഡ്‌ഗേവാര്‍ ബ്രിട്ടീഷുകാരെ എതിര്‍ത്തതും ഖിലാഫത്ത് പ്രസ്ഥാനത്തെ അനുകൂലിച്ചതും ഒരുകൊല്ലം ജയില്‍ശിക്ഷ അനുഭവിച്ചതും. ആര്‍എസ്എസ് രൂപവത്കരണത്തിന് മുന്‍പായിരുന്നു സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നത്, ഒവൈസി വിശദീകരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരിക്കലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ലെന്നും യാതൊരു ഭീഷണിയും സൃഷ്ടിച്ചില്ലെന്നും ബ്രിട്ടീഷ് രേഖകളില്‍ വ്യക്തമായി പറയുന്നുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു
