ചെന്നൈ: വിജയിയുടെ കരൂർ റാലിയിൽ ഉണ്ടായ ദുരന്തത്തിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയവെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസ്. ടിവികെ കരൂർ വെസ്റ്റ് ജില്ലയുടെ കീഴിലായിരുന്നു പരിപാടിയുടെ സംഘാടനം. ദുരന്തവുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഉള്ളയാളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ദുരന്തത്തിനുപിന്നാലെ മതിയഴകൻ ഉൾപ്പെടെയുള്ളവർ ഒളിവിൽ പോയിരുന്നു.
വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേരാണ് മരിച്ചത്
സെപ്തംബർ 27 ശനിയാഴ്ച കരൂരിൽനടന്ന, വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേരാണ് മരിച്ചത്. വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഉച്ചയോടെ വിജയ് കരൂരിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താൻ ആറേഴ് മണിക്കൂർ വൈകിയെന്നാണ് റിപ്പോർ ട്ട്.
