കൊഹിമ: സാത്താന് ആരാധന നിരോധിക്കുന്നതിനേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നാഗാലാന്‍ഡ് നിയമസഭ. സെപ്റ്റംബര്‍ രണ്ടാംതീയതി ചേരുന്ന സഭയുടെ ത്രിദിന മണ്‍സൂണ്‍ സമ്മേളനത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുക. നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എംഎല്‍എ കുഴൊലുസോ നിയേനു വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യദിവസം, ചോദ്യോത്തരവേളയ്ക്കു ശേഷമായിരിക്കും ചര്‍ച്ച ചെയ്യുക.
സാത്താന് ആരാധനയിലേക്ക് വലവീശിപ്പിടിക്കാന്‍ ചിലസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു
ഒരുലക്ഷം രൂപയോ മോട്ടോര്‍ സൈക്കിളോ വാഗ്ദാനം ചെയ്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സാത്താന് ആരാധനയിലേക്ക് വലവീശിപ്പിടിക്കാന്‍ ചിലസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നിയേനു ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു. സാത്താനെ ആരാധിച്ചു തുടങ്ങുമ്പോള്‍ അവര്‍ അതിവിചിത്രമായാണ് പെരുമാറുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയം അടിയന്തര പൊതുപ്രാധാന്യമുള്ള സംഗതിയായി പരിഗണിക്കുന്നതായി നിയമസഭാ സെക്രട്ടേറിയറ്റ്
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ നാഗാലാന്‍ഡില്‍ ഇതുവരെ ഇത്തരം വിഷയം നിയമസഭയില്‍ ചര്‍ച്ചചെയ്തിട്ടില്ല. സാത്താന്, ചെകുത്താന് ആരാധന നിരോധിക്കുന്നതിനേക്കുറിച്ചും നിയമനിര്മാണത്തേക്കുറിച്ചും ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നിയേനു കത്തയച്ചിരുന്നു. പിന്നാലെ വിഷയം അടിയന്തര പൊതുപ്രാധാന്യമുള്ള സംഗതിയായി പരിഗണിക്കുന്നതായി നിയമസഭാ സെക്രട്ടേറിയറ്റ് നിയേനുവിനെ അറിയിച്ചിട്ടുമുണ്ട്. യുവതലമുറ പരസ്യമായി സാത്താന്-ചെകുത്താന് ആരാധനയ്ക്ക് പിന്നാലെ പോകുന്നത് ഞെട്ടലുളവാക്കുന്ന കാഴ്ചയാണെന്നും നിയേനു കത്തില്‍ പറഞ്ഞിരുന്നു.
