പാലക്കാട് | ശ്രീകൃഷ്ണപുരത്ത് ഒന്‍പതാം ക്ലാസുകാരി ആശിര്‍ നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതരമായ വെളിപ്പെടുത്തലുമായി പിതാവ്. ഒമ്പതാംക്ലാസിലേക്കു ജയിച്ച മകളെ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ഡിവിഷന്‍ മാറ്റി ഇരുത്തിയെന്നും വീണ്ടും എട്ടാം ക്ലാസിലേക്കു മാറ്റുമെന്നു ഭീഷണിപ്പെടുത്തിയെന്നും പിതാവ് ആരോപിച്ചു. കുട്ടി പഠിച്ച ശ്രീകൃഷ്ണപുരം സെന്റ് ഡോമിനിക്ക് ഇംഗ്ലീഷ് സ്‌കൂളിനെതിരെ നാട്ടുകല്‍ പോലീസില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. രക്ഷിതാക്കളുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.
മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിൽ ഡിവിഷനുകള്‍.
സ്‌കൂളില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷനുകള്‍. സ്‌കൂള്‍ അധികൃതരുടെ ഈ പെരുമാറ്റത്തോടെ മകള്‍ കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്നു. ഡിവിഷന്‍ മാറ്റി ഇരുത്തിയപ്പോള്‍ കൂട്ടുകാരികളെയെല്ലാം പിരിഞ്ഞതില്‍ അവള്‍ക്ക് കടുത്ത സങ്കടമുണ്ടായിരുന്നു. ഇതെല്ലാമാണ് ജീവനൊടുക്കാന്‍ കാരണമെന്നും പിതാവ് പ്രശാന്ത് പറഞ്ഞു.
അസ്വാഭാവിക മരണത്തിന് നേരത്തെ പോലീസ് കേസെടുത്തിരുന്നു.
ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് നേരത്തെ പോലീസ് കേസെടുത്തിരുന്നു. രക്ഷിതാക്കളെ കേട്ട ശേഷമായിരിക്കും സ്‌കൂളിനും ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെയും ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടെ എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് പോലീസ് പറഞ്ഞു. . ഇന്ന് (ജൂൺ 26)ഉച്ചക്ക് രണ്ടിന് പോലീസ് സാന്നിധ്യത്തില്‍ രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം ചേരും.
പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരെ പുറത്താക്കി.
ആശിര്‍ നന്ദയുടെ മരണത്തെ തുടര്‍ന്നു നടന്ന വ്യാപക പ്രതിഷേധത്തിന് പിന്നാലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരെ പുറത്താക്കിയിരുന്നു. പ്രിന്‍സിപ്പല്‍ ഒ പി ജോയിസി, ജീവനക്കാരായ സ്റ്റെല്ല ബാബു, എ ടി തങ്കം എന്നിവരെയാണ് പുറത്താക്കിയത്. ജൂൺ 23 തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ടെത്തിയ ആശിര്‍നന്ദയെ രാത്രിയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെയാണ് കുടുംബം സ്‌കൂളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. .