സുൽത്താൻബത്തേരി: ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി ജനവാസകേന്ദ്രത്തിൽ നിലയുറപ്പിച്ച മൂന്ന് കൊമ്പന്മാരെ നാട്ടുകാരും വനപാലകരും പോലീസും ചേർന്ന് കാട്ടിലേക്ക് തുരത്തി. പകൽസമയത്തും കാട്ടിലേക്ക് മടങ്ങാതെ മണിക്കൂറുകൾ നിലകൊണ്ട കാട്ടാനകൾ ഒട്ടേറെ കൃഷികളും നശിപ്പിച്ചു.
രണ്ട് വലിയ ആനകളും ഒരു കുട്ടിക്കൊമ്പനുമായിരുന്നു ജനവാസകേന്ദ്രത്തിലെത്തിയത്.
നൂൽപ്പുഴ പഞ്ചായത്തിൽ വനാതിർത്തിപ്രദേശമായ കണ്ണംകോട് പാടശേഖരത്തിലായിരുന്നു സംഭവം. ജൂൺ 10 ചൊവ്വാഴ്ച പുലർച്ചെയാണ് ആനകൾ ഊരൻകുന്ന്, ഞെണ്ടൻകൊല്ലി ഭാഗത്തുനിന്ന് ചേരംകൊല്ലി കണ്ണംകോട് ഭാഗത്തേക്ക് എത്തിയത്. രാവിലെ ഏഴോടെ കണ്ണംകോട് പുഴയോരത്തിനും പാടശേഖരത്തിനും സമീപത്തുള്ള വേരൻ ഉന്നതിക്ക് അടുത്തുള്ള മുളങ്കൂട്ടത്തിൽ എത്തി. ഇതോടെ ജനങ്ങൾ ഭീതിയിലായി. രണ്ട് വലിയ ആനകളും ഒരു കുട്ടിക്കൊമ്പനുമായിരുന്നു ജനവാസകേന്ദ്രത്തിലെത്തിയത്. ആനക്കൂട്ടമെത്തിയതറിഞ്ഞ് ഒട്ടേറെ ആളുകളും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് മുത്തങ്ങ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സഞ്ജയ്‌കുമാറിന്റെ നേതൃത്വത്തിൽ വനപാലകരും ബത്തേരി ആർആർടി സംഘവുമെത്തി ആനകളെ കാട്ടിലേക്ക് തുരത്താനുള്ള നീക്കം തുടങ്ങി.
നമ്പിക്കൊല്ലി-കല്ലൂർ റോഡിലെ ഗതാഗതം പൂർണമായി നിരോധിച്ചു
.
നൂൽപ്പുഴ പോലീസ് സ്റ്റേഷനിൽനിന്ന് എസ്എച്ച്ഒ ശശിധരൻപിള്ളയുടെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി ജനങ്ങളെ നിയന്ത്രിച്ചു. തുരത്തുമ്പോൾ ആനകൾ അക്രമസ്വഭാവം കാണിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാമുൻകരുതലുകളും പോലീസും വനംവകുപ്പും ചേർന്ന് നടത്തി. നമ്പിക്കൊല്ലി-കല്ലൂർ റോഡിലെ ഗതാഗതം പൂർണമായി നിരോധിച്ചു. പ്രദേശത്തെ ജനങ്ങളോട് വീടിനുപുറത്തിറങ്ങരുതെന്ന് വനംവകുപ്പ് വാഹനത്തിന്റെ മൈക്കിലൂടെ മുന്നറിയിപ്പുനൽകി . തുടർന്ന് പടക്കം പൊട്ടിച്ചും റബർ ഉണ്ട കൊണ്ട് വെടിയുതിർത്തും ആനകളെ കാട്ടിലേക്ക് തുരത്താൻ ശ്രമിച്ചു. കൂട്ടാക്കാതിരുന്നപ്പോൾ ഒരാനയ്ക്കുനേരെ റബ്ബർ വെടിയുണ്ട ഉപയോഗിച്ചതോടെ വലിയ ആന പുഴ മുറിച്ചുകടക്കുകയും പിന്നാലെ മറ്റുളലവയും നീങ്ങുകയുമായിരുന്നു
