കുളിക്കാനായി ഡാമില്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

പാലക്കാട് | മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. പൂളക്കാട് ജാബര്‍ നസീഫ്- റജീന ദമ്പതികളുടെ മക്കളായ മുഹമ്മദ് നിഹാല്‍ (21), മുഹമ്മദ് ആഹില്‍ (16) എന്നിവരാണ് മരിച്ചത്. മെയ് 14 ബുധനാഴ്ച വൈകിട്ടോടെയാണ് ഇരുവരും കുളിക്കാനായി ഡാമില്‍ ഇറങ്ങിയത്. ചെളിനിറഞ്ഞ റിസര്‍വോയര്‍ ഭാഗത്ത് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി.

ഇരുവരെയും കാണാതായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് അപകടത്തില്‍പ്പെട്ടതായി മനസ്സിലാക്കിയത്. കുളിക്കാനിറങ്ങിയ സമയത്ത് ഫോണ്‍ കവറിലാക്കി സൂക്ഷിച്ചതിനാലാണ് ലൊക്കേഷന്‍ കണ്ടെത്തി പോലീസിന്് അപകടസ്ഥലത്ത് എത്താനായത്.

മുഹമ്മദ് നിഹാല്‍ കോയമ്പത്തൂരില്‍ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മുഹമ്മദ് ആഹില്‍ പാലക്കാട് ബിഗ് ബസാര്‍ സ്‌കൂളില്‍ നിന്ന് പത്താംതരം വിജയിച്ചിരിക്കുകയാണ്. സഹോദരന്‍: ഷാസ്. മയ്യിത്ത് കള്ളിക്കാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →