ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദേശം നല്‍കി പാകിസ്താൻ സർക്കാർ.
.പാകിസ്താൻ സൈന്യം പ്രതികരിക്കുമെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. പാകിസ്താനില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികള്‍ക്ക് അധികൃതർ നിർദേശവും നല്‍കി. ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സർവീസുകള്‍ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണമായും അടച്ചു. പാകിസ്താനിലെ പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്‌കൂളുകളും അടച്ചു.
പ്രകോപനം തുടർന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ
പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നല്‍കിയത്. ഇന്ന് പുലർച്ചെ 1.05ന് നടന്ന ആക്രമണത്തില്‍ പാകിസ്ഥാനിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകർത്തു. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളും നാല് സഹായികളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 90ഓളം ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. അനിവാര്യമായ മറുപടിയാണ് നല്‍കിയതെന്നും പ്രകോപനം തുടർന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. നിലവില്‍ ഇന്ത്യ – പാക് അതിർത്തിയില്‍ സംഘർഷം തുടരുകയാണ്.
ഇന്ത്യ പിന്മാറിയാല്‍ തങ്ങള്‍ സംഘർഷം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഖ്വാജ ആസിഫ്
അതേസമയം, നിലവിലെ സ്ഥിതിഗതികള്‍ ലഘൂകരിക്കാൻ ഇന്ത്യ തീരുമാനിച്ചാല്‍ ആക്രമണം നിർത്താമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യ ഇന്നലെ.(മെയ് 7) രാവിലെ നടത്തിയ സർജിക്കല്‍ സ്ട്രെെക്കിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യ പിന്മാറിയാല്‍ തങ്ങള്‍ സംഘർഷം അവസാനിപ്പിക്കാൻ തയ്യാറാണെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. ബ്ലൂംബെർഗിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ഇക്കാര്യം പറഞ്ഞത്.
