ഡൽഹി : സമ്പന്ന കുടുംബങ്ങൾക്ക് നവജാത ശിശുക്കളെ വിൽക്കുന്ന മനുഷ്യക്കടത്ത് ശൃംഗലയെ തകർത്ത് ഡൽഹി പൊലീസ്. ഡല്‍ഹിയിലെ ദ്വാരകയില്‍ നിന്ന് സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. യാസ്മിൻ, അഞ്ജലി, ജിതേന്ദ്ര എന്നീ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും നാല് ദിവസം പ്രായമുള്ള ഒരു നവജാത ശിശുവിനെയും രക്ഷപ്പെടുത്തി.
സംഘത്തിലെ മുഖ്യസൂത്രധാരൻ ഒളിവിൽ
ഡല്‍ഹി-എൻസിആറിലെ സമ്പന്ന കുടുംബങ്ങള്‍ക്ക് ഈ സംഘം ഇതുവരെ 30-ലധികം കുട്ടികളെ വിറ്റിട്ടുളളതായി പോലീസ് പറഞ്ഞു.ഗുജറാത്ത്, രാജസ്ഥാൻ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഈ സംഘം സജീവമായിരുന്നു. സംഘത്തിന്‍റെ മുഖ്യസൂത്രധാരൻ ഒളിവിലാണെന്നും പോലീസ് സംഘം ഇവർക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് സംഘം പലപ്പോഴും തട്ടിക്കൊണ്ടുപോകുന്നത്.
ഗുജറാത്ത്, രാജസ്ഥാൻ അതിർത്തിയിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ സംഘം പലപ്പോഴും തട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നു.മറ്റൊരു മനുഷ്യക്കടത്ത് കേസില്‍ അഞ്ജലിയെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം അവർ സംഘത്തിലേക്ക് തിരിച്ചെത്തിയെന്നും പോലീസ് പറഞ്ഞു.
ഒരു കുട്ടിക്ക് അഞ്ച് മുതല്‍ 10 ലക്ഷം രൂപ വരെ വിലയ്ക്ക് വിറ്റതായി അവർ പറഞ്ഞു.
ചോദ്യം ചെയ്യലില്‍, ഗുണ്ടാ നേതാവായ സരോജ് എന്ന 40കാരിയായ സ്ത്രീയുടെ നിർദ്ദേശപ്രകാരം രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും നവജാത ശിശുക്കളെ കൊണ്ടുവന്ന് ഡല്‍ഹി-എൻസിആറിലെ സമ്പന്ന കുടുംബങ്ങള്‍ക്ക് ഒരു കുട്ടിക്ക് അഞ്ച് മുതല്‍ 10 ലക്ഷം രൂപ വരെ വിലയ്ക്ക് വിറ്റതായി അവർ പറഞ്ഞു. ഗുജറാത്ത്, രാജസ്ഥാൻ അതിർത്തിയിലുള്ള പാലിയിലെ ആദിവാസി കുടുംബങ്ങളിലെ കുട്ടികളെയാണ് മോഷ്ടിച്ചിരുന്നത്. യാസ്മീൻ ആണ് കുട്ടികളെ മോഷ്ടിച്ചിരുന്നത്. തുടർന്ന് അഞ്ജലിയും സരോജവുമാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്