കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വച്ച് നടിയെ മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്ത സംഭവത്തിനു പിന്നിലും ആസൂത്രണം നടത്തിയ മുഴുവൻ പേരുടെയും കാര്യത്തിലും പോലീസിന്റെയും സർക്കാരിന്റെയും ഇടപെടലുകളിൽ വമ്പിച്ച വീഴ്ച സംഭവിച്ചു എന്ന കാര്യം പുറത്തുവരികയാണ്.
റിപോർട്ടർ ചാനൽ ഒളിക്യാമറ ഉപയോഗിച്ച് ഒന്നാംപ്രതി പൾസർ സുനിയുടെ ഇൻറർവ്യൂ റെക്കോർഡ് ചെയ്യുകയുണ്ടായി. ഒന്നാംപ്രതി വെളിപ്പെടുത്തിയ കാര്യങ്ങളിൽ നിന്നും കേസ് അന്വേഷണത്തിൽ പോലീസിന് പറ്റിയ വീഴ്ചയും സർക്കാരിന്റെ ശുഷ്കാന്തിക്കുറവും വ്യക്തമാവുകയാണ്.
അന്വേഷണത്തിലും വിചാരണയിലും പുറത്തുവരാത്ത കാര്യങ്ങൾ?
കോടതി ഉത്തരവിനെ തുടർന്ന് കേസിന്റെ വിചാരണ രഹസ്യമായിട്ടാണ് നടന്നത്. അതുകൊണ്ട് കോടതിയിൽ നൽകപ്പെട്ട സാക്ഷി മൊഴികളും തെളിവുകളുടെ ഉള്ളടക്കവും രഹസ്യമാണ്. കേസിന്റെ അന്വേഷണ ഘട്ടത്തിലും കുറ്റപത്രത്തിലും വന്നിട്ടില്ലാത്ത പുതിയ വെളിപ്പെടുത്തലുകൾ ഒളിക്യാമറ ഷൂട്ടിങ്ങിലൂടെ പുറത്തുവന്നിട്ടുണ്ട് എന്ന് കരുതാം.

ഒന്നരക്കോടി രൂപയ്ക്ക് ആണ് നടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് കൊട്ടേഷൻ നൽകിയത്. അതിൽ 70 ലക്ഷം രൂപ നൽകി, ഇനി 80 ലക്ഷം കിട്ടാനുണ്ട്. ഭീഷണിപ്പെടുത്തി സമ്മതത്തോടുകൂടി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു എന്ന് തോന്നുന്ന വിധത്തിൽ വേണം ചിത്രീകരിക്കുവാൻ എന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതാണ് ലക്ഷ്യമെന്നു മനസ്സിലാക്കിയ നടി അങ്ങനെ ചെയ്യാതിരിക്കുന്നതിനും ആക്രമണം ഉണ്ടാകാതിരിക്കുന്നതിനും കൂടുതൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ പരിപാടി ആസൂത്രണം ചെയ്ത ആളുകൾ വണ്ടിയിൽ നടക്കുന്ന കാര്യങ്ങൾ ലൈവ് ആയി കാണുന്നുണ്ടായിരുന്നു. വാഗ്ദാനം മനസ്സിലാക്കി അവർ ഇടപെട്ടു. അതോടെ പണം വാങ്ങി നടിയെ ഉപദ്രവിക്കുന്നത് ഒഴിവാക്കുവാനുള്ള പൾസർ സുനിയുടെ ശ്രമം പാളി.
ദൃശ്യങ്ങൾ ചിത്രീകരിച്ച ക്യാമറ രഹസ്യകേന്ദ്രത്തിൽ
മാനഭംഗത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ക്യാമറ ഗോശ്രീ പാലത്തിൽ നിന്ന് കായലിലേക്ക് എറിഞ്ഞു കളഞ്ഞു എന്ന കള്ളമാണ് പോലീസിനോട് പറഞ്ഞത്.അത് പോലീസ് വിശ്വസിച്ചു. ഫോൺ നഷ്ടപ്പെട്ടിട്ടില്ല. രഹസ്യകേന്ദ്രത്തിൽ ഉണ്ട്. മെമ്മറി കാർഡിൻ്റെ ഒറിജിനലും ഉണ്ട്. ഇവ പോലീസ് കണ്ടെത്തിയിട്ടില്ല. കണ്ടെത്താത്തത് പോലീസിന്റെ വീഴ്ചയാണെന്ന് പൾസർ സുനി തന്നെ പറയുന്നു.
കേസിലെ നിർണായക തെളിവുകളായ ഫോണും മെമ്മറി കാർഡും വീണ്ടെടുക്കുവാൻ കഴിയാതെ വന്നതും പ്രതിക്ക് സമർത്ഥമായി അത് പോലീസിൽ നിന്ന് ഒളിപ്പിക്കുവാൻ കഴിഞ്ഞതും അന്വേഷണത്തിലെ വീഴ്ചയായി. ഈ കാര്യത്തിൽ പ്രതികളുടെ ഇടപെടൽ ഏതുവരെ ഉണ്ടായി എന്ന് സംശയവും ഉയരുകയാണ്.
അറസ്റ്റിന്റെ പേരിൽ വീമ്പ് പറഞ്ഞ സർക്കാർ പരിഹാസ്യമായി
നടൻ ദിലീപിന്റെ അറസ്റ്റ് അടക്കം കാര്യങ്ങൾ വലിയ ഭരണനടപടിയായി സർക്കാരും ഉയർത്തി കാട്ടിയിരുന്നു. അറസ്റ്റിന്റെ പേരിൽ വീമ്പ് പറഞ്ഞ സർക്കാർ അന്വേഷണത്തിൽ സംബന്ധിച്ച പിഴവുകളുടെയും വീഴ്ചകളുടെയും പേരിൽ പ്രതിക്കൂട്ടിൽ വന്നിരിക്കുകയാണ് ഇപ്പോൾ.

നീതി നിർവഹണത്തിലെ പ്രാഥമിക നടപടി മാത്രമാണ് കേസ് രജിസ്റ്റർ ചെയ്യലും പ്രതിയെ കണ്ടെത്തലും.
തെളിവ് ശേഖരിക്കലും കോടതിയിൽ കുറ്റം തെളിയിക്കലും ആണ് പ്രധാന വശം. അതിൽ അന്വേഷണ ഏജൻസിയും സർക്കാരും പരാജയപ്പെട്ടുവെന്ന് ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു. ഒളിക്യാമറ ദൃശ്യങ്ങളിൽ പൾസർ സുനി നടത്തുന്ന അഭിപ്രായപ്രകടനം പോലീസിന് നേരെയുള്ള പരിഹാസം കൂടി ഉൾപ്പെട്ടതാണ്.
അന്വേഷണ സംഘത്തിലും സർക്കാരിലും നടനു വേണ്ടി ആരെങ്കിലും ഇടപെട്ടിരുന്നോ എന്ന സംശയവും ഉണ്ട്.
കൂടുതൽ കുറ്റകൃത്യങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചിരുന്നില്ല
5 നടിമാരെ സമാനമായ വിധത്തിൽ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുകയും അത് ചിത്രീകരിക്കപ്പെടുകയും ഉണ്ടായി എന്നതാണ് മറ്റൊരു വെളിപ്പെടുത്തൽ. ഭയപ്പെട്ടും നിലനിൽപ്പ് അപകടത്തിൽ ആകുമെന്ന് ബോധ്യപ്പെട്ടും ഇവർ നിശബ്ദരാകുകയായിരുന്നു എന്ന് പൾസർ സുനിൽ പറയുന്നു. സമാന സംഭവങ്ങളിൽ പ്രതികളുടെ പക്ഷത്തുനിന്ന് ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന പരിശോധന അന്വേഷണ ഘട്ടത്തിൽ പോലീസ് നടത്തിയില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്.

പോലീസ് കണ്ടെത്താത്തത് ജസ്റ്റീസ് ഹേമ കണ്ടെത്തി
ഈ സംഭവത്തെ തുടർന്നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി ഉണ്ടായത്. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ നടിയെ ആക്രമിച്ച സംഭവത്തിന് സമാനമായ കാര്യങ്ങൾ സിനിമാ മേഖലയിൽ നിരന്തരം നടക്കുന്നു എന്ന് ശരിവെച്ചു. കുറെ പേർ പരാതിയുമായി രംഗത്തുവന്നു. ഒരു ഘട്ടം വരെ നടപടികൾ മുന്നേറി. എന്നാൽ അതിലെ പ്രതികൾക്ക് ദിലീപിന്റെ കേസിലുള്ള ബന്ധത്തെ പറ്റി അന്വേഷണം ഉണ്ടായിട്ടില്ല. ഒന്നാംപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തൽ അത്തരം ബന്ധങ്ങൾ ഉണ്ടായേക്കാവുന്ന സംശയം ബലപ്പെടുത്തുന്നു.