മുംബൈ: വിവാഹമോചനം സംബന്ധിച്ച കേസിന്റെ ഭാഗമായി ദമ്പതികളുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ സെഷന്‍സ് കോടതി ജഡ്ജി നടത്തിയ പരാമര്‍ശം വിവാദമായി. “താലിയും പൊട്ടും ധരിക്കാതിരുന്നാല്‍ ഭര്‍ത്താവിന് നിങ്ങളോട് എങ്ങനെ താല്‍പര്യം തോന്നും?” എന്നായിരുന്നു ജഡ്ജി യുവതിയോട് നടത്തിയ പരാമര്‍ശം. ജഡ്ജിമാരുടെ ഇത്തരം സ്ത്രീ വിരുദ്ധവും മാനവികതയ്ക്കു വിരുദ്ധവുമായ പരാമര്‍ശങ്ങൾക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
അഭിഭാഷകൻ ലിങ്ക്ഡിനിൽ വെളിപ്പെടുത്തിയ സംഭവം
പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ അങ്കുര്‍ ആര്‍. ജഹാഗിര്‍ദാര്‍ ലിങ്ക്ഡിനിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്ത് വന്നത്. “നിങ്ങള്‍ താലിയും പൊട്ടും ധരിച്ചിട്ടില്ല. നിങ്ങള്‍ ഒരു വിവാഹിതയെ പോലെ പെരുമാറിയില്ലെങ്കില്‍ പിന്നെ ഭര്‍ത്താവ് എങ്ങനെയാണ് നിങ്ങളില്‍ താല്‍പര്യം കാണിക്കുക?” ജഡ്ജി സ്ത്രീയോട് ചോദിച്ചതായി ജഹാഗിര്‍ദാര്‍ കുറിപ്പില്‍ വ്യക്തമാക്കി. ജഡ്ജിമാരുടെ അപക്വ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി ഉന്നയിക്കാന്‍ ഒരു മാര്‍ഗവുമില്ല എന്നത് നിരാശാജനകമാണെന്നും ജഹാഗിര്‍ദാര്‍ അഭിപ്രായപ്പെട്ടു.
മുന്‍പുണ്ടായ മറ്റൊരു വിവാദ പരാമര്‍ശം
മുന്‍പ് ഒരിക്കൽ, തന്റെ കക്ഷിയായ സ്ത്രീയോട് മറ്റൊരു ജഡ്ജി നടത്തിയ പരാമര്‍ശവും ജഹാഗിര്‍ദാര്‍ കുറിപ്പില്‍ സൂചിപ്പിക്കുന്നു:
“ഒരു സ്ത്രീ നന്നായി സമ്പാദിക്കുന്നുണ്ടെങ്കില്‍, തന്നേക്കാള്‍ സമ്പാദിക്കുന്ന പുരുഷനെയാണ് അവള്‍ തേടുക. സ്ത്രീ ഒരിക്കലും തന്നേക്കാള്‍ കുറവ് സമ്പാദിക്കുന്ന ഒരാളുടെ കൂടെ ജീവിക്കില്ല. എന്നാൽ, സമ്പന്നനായ ഒരു പുരുഷന്‍, അയാളുടെ വീട്ടില്‍ പാത്രം കഴുകുന്ന ജോലിക്കാരിയെ പോലും വിവാഹം കഴിക്കും. പുരുഷന്മാര്‍ക്ക് അത്രയും ഒത്തുപോകാന്‍ സാധിക്കും. കര്‍ക്കശ്യം കാണിക്കാതെ നിങ്ങളും അങ്ങനെ ഒത്തുപോകാന്‍ ശ്രമിക്കൂ.”
.
