ഡല്‍ഹി: എഐസിസിയുടെ പുതിയ ആസ്ഥാനമായ ഇന്ദിര ഭവനില്‍ ഹൈക്കമാൻഡ് വിളിച്ച കേരള നേതാക്കളുടെ യോഗം നടന്നു. രണ്ടര മണിക്കൂറോളം നീണ്ട ഈ യോഗത്തില്‍ നേതൃമാറ്റം ചർച്ചയായില്ല. ഇതോടെ കെ. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് യോഗത്തില്‍ പ്രധാനമായും ചർച്ചയായത്. ജനപക്ഷത്തുനിന്ന് പാർട്ടി ഒറ്റക്കെട്ടായി സംസ്ഥാനത്തെ വിഷയങ്ങള്‍ ഏറ്റെടുക്കണമെന്നും കേരളത്തില്‍ പാർട്ടിയുടെ വിജയം രാജ്യത്തൊട്ടാകെയുള്ള കോണ്‍ഗ്രസ് പ്രവർത്തകർ ഉറ്റുനോക്കുകയാണെന്നും ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടി.
സമ്പൂർണ ഐക്യം അനിവാര്യമാണെന്ന് രാഹുലും ഖാർഗെയും
തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം ഓരോ നേതാവിനുമുണ്ടെന്ന് യോഗം വ്യക്തമാക്കി. എല്‍ഡിഎഫ് സർക്കാരിനെ താഴെയിറക്കുക എന്നതാകണം ഏക ലക്ഷ്യമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന ഘടകത്തിനുള്ളില്‍ സമ്പൂർണ ഐക്യം അനിവാര്യമാണെന്ന് രാഹുലും ഖാർഗെയും നേതാക്കളെ ഓർമിപ്പിച്ചു. ശശി തരൂരിനെതിരേ നടപടിയില്ലെങ്കിലും പാർട്ടി താത്പര്യങ്ങള്‍ക്കു വിരുദ്ധമായ പ്രസ്താവനകള്‍ നേതാക്കളാരും നടത്തരുതെന്നും ഐഎസിസി നിർദേശിച്ചു. കേരളത്തില്‍ നേതൃമാറ്റം അജൻഡയില്ലെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും വ്യക്തമാക്കി. കെപിസിസിയിലെ ചില ഒഴിവുകള്‍ നികത്തുമെന്നും അവർ പറഞ്ഞു.
തികഞ്ഞ ആത്മവിശ്വാസത്തോടെ നേതൃത്വം
കൂട്ടായ നേതൃത്വത്തോടെ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണു യോഗം അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നും കോണ്‍ഗ്രസിനകത്ത് സമ്പൂർണ ഐക്യമുണ്ടാകാനുള്ള ആഹ്വാനമാണു ഹൈക്കമാൻഡ് നല്‍കിയത്.
.മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാൻ ഒരു നേതാവിനെയും അനുവദിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നതയുണ്ടെന്നു പറയുന്നത് മാധ്യമപ്രചാരണം മാത്രമാണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. കേരളത്തില്‍ വരുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തട്ടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു