തിരുവനന്തപുരം: തലസ്ഥാനത്ത് ആറ് പേരെ കൊലപ്പെടുത്തിയ 23കാരൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വെഞ്ഞാറമ്മൂട് പേരുമല സ്വദേശിയായ അഫാന്‍ (23) ആണ് ഈ ക്രൂരകൃത്യം നടത്തിയത്. കാമുകിയേയും സഹോദരനേയും കൊലപ്പെടുത്തിയ പ്രതി സ്വന്തം അമ്മയേയും ആക്രമിച്ചു. മറ്റ് മൂന്ന് പേരെ കൂടി ആക്രമിച്ചുവെന്നാണ് പ്രതി പൊലീസില്‍ നല്‍കിയ മൊഴി.ബന്ധുക്കളായ ആറുപേരെ മൂന്നുവീടുകളിലായി കൊലപ്പെടുത്തിയെന്നാണ് വിവരം. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തിയതായി അഫാന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
മൂന്നുവീടുകളിലായി ആറ് പേരെ താൻ വെട്ടിയെന്ന് യുവാവ് പൊലീസിന് നൽകിയ മൊഴിയിൽ
പാങ്ങോട്ടുള്ള വീട്ടില്‍ യുവാവിന്റെ മുത്തശ്ശി സല്‍മാ ബീവിയുടെ (88) മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്സാനെയും പെണ്‍സുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എസ്.എൻ പുരം ചുള്ളാളത്ത് പെണ്‍സുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. മൂന്നുവീടുകളിലായി ആറ് പേരെ താൻ വെട്ടിയെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു
പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതി മുമ്പ് പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയില്‍ പോയി തിരികെ വന്നതായിരുന്നു. മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അനിയൻ അഫ്‌സാൻ. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയി കീഴടങ്ങിയത്.

