കൊച്ചി : വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി . പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേസിലാണ് പി സി ജോര്‍ജിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ പരിഗണനയുടെ ഭാഗമായി ഹൈക്കോടതി ശക്തമായ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തി. . മതവിദ്വേഷം പടര്‍ത്തുന്നവര്‍ പിഴയടച്ച് രക്ഷപ്പെടുന്നത് തടയേണ്ടതെന്നും ഇത്തരം പ്രവൃത്തികള്‍ക്ക് കർശനമായ ജയില്‍ ശിക്ഷ ഉറപ്പാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 196(1)(എ), സെക്ഷന്‍ 299, സെക്ഷന്‍ 120 പ്രകാരമാണ് പി സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് ‘അല്ലെങ്കില്‍ പിഴ’ എന്ന ഓപ്ഷന്‍ ഭാരതീയ ന്യായസംഹിതയില്‍ നിന്ന് ഒഴിവാക്കണമെന്ന് കോടതി
ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും മതത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തുന്ന പ്രവൃത്തികള്‍ക്ക് ബി എന്‍ എസ് പ്രകാരം നിര്‍ബന്ധമായും തടവുശിക്ഷ നല്‍കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് ‘അല്ലെങ്കില്‍ പിഴ’ എന്ന ഓപ്ഷന്‍ ഭാരതീയ ന്യായസംഹിതയില്‍ നിന്ന് ഒഴിവാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി ജാതിയും മതവും ഉപയോഗിച്ച് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ അനുവദിക്കരുതെന്നും പറഞ്ഞു.
ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കണം
വര്‍ഗീയ വിദ്വേഷം പടര്‍ത്തി വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ഇത്തരം കുറ്റവാളികള്‍ പിഴയടച്ച് രക്ഷപ്പെടുന്നത് അവസാനിപ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു.
പ്രതി പക്ഷത്തിന്റെ വാദം: പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചത് പ്രതി മനപ്പൂര്‍വം വിദ്വേഷ പരാമര്‍ശം നടത്തിയതല്ലെന്നും ചാനല്‍ ചര്‍ച്ചക്കിടെ ഉണ്ടായ പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് യാദൃച്ഛിക പരാമര്‍ശങ്ങള്‍ ഉണ്ടായതെന്നും ആണ്.
പൊരുത്തക്കേട് ഒറ്റയടിക്ക് സംഭവിക്കുന്നതല്ല:
സംസ്ഥാന സര്‍ക്കാര്‍ പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു. നേരത്തെയും യാതൊരു പ്രകോപനവുമില്ലാതെ മുസ്ലിം സമുദായത്തിനെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ പ്രതി നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടു..
കൃത്യമായ ഉദ്ദേശ്യത്തോടെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. പൊരുത്തക്കേട് ഒറ്റയടിക്ക് സംഭവിക്കുന്നതല്ല. എന്നാല്‍ അത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുകയും ശത്രുതയും പൊരുത്തക്കേടും കാലക്രമേണ വളരുകയും ചെയ്യുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു..



