.തൊടുപുഴ : 1960ലെ ഭൂനിയമം നിയമം ഭേദഗതി ചെയ്ത് ഒന്നരവർഷം പിന്നിട്ടിട്ടും നിയമം നടപ്പാക്കുന്നതിനാവശ്യമായ ചട്ടം രൂപീകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും ചട്ടനിർമാണം ഉടൻ പൂർത്തിയാക്കണമെന്നും സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രമേയം. നിയമം ഭേദഗതി ചെയ്തെങ്കിലും ചട്ടം രൂപീകരിച്ചാല്‍ മാത്രമേ കർഷകർക്ക് പ്രയോജനം ലഭിക്കൂ.
പതിനായിരക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥയിൽ
ജില്ലയില്‍ നിർമ്മാണ ജോലിക്കാവശ്യമായ മണല്‍, കരിങ്കല്ല് തുടങ്ങിയവ എടുക്കാനാവുന്നില്ല. അന്യ ജില്ലകളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും നിർമ്മാണ സാമഗ്രികള്‍ കൊണ്ടുവരുന്നത് ചിലവ് പതിമടങ്ങ് വർദ്ധിക്കാനിടയാക്കുന്നു. ഇതുമൂലം പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥയാണ്. അതുപോലെ തന്നെ 2021ന് ശേഷം ജില്ലയില്‍ കൈവശഭൂമിക്ക് ഒരു പട്ടയംപോലും നല്‍കിയിട്ടില്ല. ലാൻഡ് അസൈൻമെന്റ് ഓഫീസുകളില്‍ ലഭിച്ചിട്ടുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. അതിനാല്‍ ഷോപ്പ് സൈറ്റുകള്‍ക്കും കൃഷിക്കാരുടെ ഭൂമിക്കും അയ്യപ്പൻകോവില്‍ പദ്ധതി പ്രദേശത്തെ അവശേഷിക്കുന്ന മൂന്ന് ചെയിൻ ഭൂമിക്കും അടിയന്തരമായി പട്ടയം നല്‍കുന്നതിനുള്ള മേല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
തോട്ടം തൊഴിലാളികളുടെ കൂലി കാലോചിതമായി പരിഷ്‌കരിക്കണം
തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സ്ഥിതി പരിതാപകരമാണെന്ന് പ്രമേയം. തൊഴിലാളികളുടെ കൂലി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കുറഞ്ഞ കൂലിയേക്കാളും താഴെയാണ്. കൂലി കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. തൊഴിലാളികള്‍ തമസിക്കുന്ന ലയങ്ങളുടെ സ്ഥിതി ശോചനീയമാണ്. 100 വർഷത്തോളം പഴക്കമുള്ളതും ഇടിഞ്ഞുപൊളിഞ്ഞതും ചോർന്നൊലിക്കുന്നതുമായ ലയങ്ങളില്‍ മനുഷ്യവാസം അസാധ്യമാണ്. ലയങ്ങളുടെ നവീകരണത്തിനായി കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലായി 20 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. അച്ഛനും അമ്മയും മകനും മരുമകളും മറ്റ് മക്കളും ഒരു കിടപ്പുമുറിയും അടുക്കളയും വരാന്തയും മാത്രമുള്ള ലയത്തില്‍ എങ്ങനെ കഴിയുമെന്ന കാര്യം ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കണം.
തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം ലക്ഷ്യമിട്ട് സമഗ്ര പാക്കേജ് കൊണ്ടുവരണം
തോട്ടം മേഖലയിലെ തരിശുഭൂമി ഉപയോഗപ്പെടുത്തി തൊഴിലാളികള്‍ക്കായി ഭവന പദ്ധതി നടപ്പാക്കണം. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കാൻ നടപടിയുണ്ടാകണം. ഇക്കാര്യങ്ങളാകെ കണക്കിലെടുത്ത് തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം ലക്ഷ്യമിട്ട് സമഗ്ര പാക്കേജ് കൊണ്ടുവരണമെന്നും സമ്മേളനം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. തൊടുപുഴ താലൂക്കില്‍ വെള്ളിയാമറ്റം വില്ലേജിലെ ഭൂമിക്ക് അമിത താരിഫ് ചുമത്തിയ നടപടി അടിയന്തിരമായി പിൻവലിക്കണം, തൊടുപുഴ ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയർത്തുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.