തിരുവനന്തപുരം: വയനാട് അമരക്കുനി ജനവാസമേഖലയെ വിറപ്പിച്ച എട്ടുവയസുള്ള പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു.
കൈയ്ക്കും കാലിനും പരിക്കേറ്റ കടുവ കുപ്പാടിയിലെ കടുവ പരിപാലനകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കുപ്പാടിയില്‍ കടുവകളുടെ എണ്ണം കൂടുതലായിരുന്നതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കി വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്താനാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത് .കുപ്പാടിയില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ആർ.ആർ.ടി സംഘത്തിന്റെയും നേതൃത്വത്തില്‍ ഫെബ്ര്രുവരി 3 ന് രാവിലെ 10ഓടെയാണ് കടുവയെ തിരുവനന്തപുരത്തെത്തിച്ചത്. ആനിമല്‍ ആംബുലൻസില്‍ പ്രത്യേകമായി തയാറാക്കിയ കൂട്ടിലായിരുന്നു തലസ്ഥാനത്തേക്കുള്ള യാത്ര.
കഴിഞ്ഞാഴ്ചയാണ് കടുവയെ വനംവകുപ്പ് പിടികൂടിയത്.
അമരക്കുനിയിലെ ആടുകളെ കൊന്നൊടുക്കി പരിസരവാസികള്‍ക്ക് ഭീതി പരത്തിയതോടെയാണ് കഴിഞ്ഞാഴ്ച കടുവയെ വനംവകുപ്പ് പിടികൂടിയത്. മ്യൂസിയം പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള കവാടത്തിലൂടെ സർവീസ് ഗേറ്റ് വഴിയാണ് കടുവയെ മൃഗശാലയില്‍ കൊണ്ടുവന്നത്.ഏകദേശം അരമണിക്കൂറെടുത്താണ് കടുവയെ വാഹനത്തില്‍ നിന്ന് കൂട്ടിലാക്കിയത്. ഷീറ്റുകൊണ്ട് കാഴ്ച മറച്ചിരുന്നു. ഇതിനിടയില്‍ ആളുകളുടെ ബഹളം കേട്ടതോടെ കടുവ ഗർജിച്ച് ചാടിയടുത്തു.
ഫെബ്രുവരി 4 മുതല്‍ കടുവയുടെ ചികിത്സ ആരംഭിക്കും.
എക്സറേ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കു ശേഷം ഫെബ്രുവരി 4 മുതല്‍ കടുവയുടെ ചികിത്സ ആരംഭിക്കും. മൂന്നാഴ്ച ക്വാറന്റൈനിലായിരിക്കും.പരിക്കുണ്ടെങ്കില്‍ ഇത് നീളും. 24 മണിക്കൂറും നിരീക്ഷണത്തിന് കൂട്ടില്‍ സി.സി ടിവിയുണ്ട്. മറ്റു കടുവകള്‍ക്കെന്നപോലെ ദിവസേന ഏഴ് കിലോ മാംസം നല്‍കും. ക്വാറന്റൈനിന് ശേഷം സന്ദർശകർക്ക് മുന്നില്‍ പ്രദർശിപ്പിക്കും. ഇതിനായി കേന്ദ്ര മൃഗശാലാ അതോറിട്ടിയുടെ അനുമതി നേടേണ്ടതുണ്ട്. കടുവയുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷമേ പ്രദർശിപ്പിക്കുകയുള്ളൂവെന്ന് മൃഗശാല ഡയറക്ടർ പി.എസ്.മഞ്ജുളാദേവീ പറഞ്ഞു.
നിലവില്‍ രണ്ട് വെള്ളക്കടുവയും മൂന്ന് ബംഗാള്‍ കടുവയുമാണ് മൃഗശാലയിലുള്ളത്.
2023ല്‍ പുതുശേരിയില്‍ കർഷകനെ കൊന്ന 12വയസുള്ള ആണ്‍കടുവയെ ഈ മാസം മൃഗശാലയിലെത്തിക്കും.നിലവില്‍ രണ്ട് വെള്ളക്കടുവയും മൂന്ന് ബംഗാള്‍ കടുവയുമാണ് മൃഗശാലയിലുള്ളത്. അതേസമയം,കടുവ കേരളത്തിന്റെയും കർണാടകത്തിന്റെയും ഡാറ്റാബേസില്‍ ഉള്‍പ്പെടുന്നതല്ലെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ് കുമാർ അറിയിച്ചു

