വാഷിംഗ്ടണ്‍: ട്രാൻസ്‌ജെൻഡർ സൈനികരെ സംബന്ധിച്ച നയം രൂപവത്കരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് ഡോണൾഡ് ട്രംപ്. ട്രാൻസ്ജെൻഡർ സൈനികരെ ഉടനടി വിലക്കുന്നതല്ല നടപടി. എന്നാല്‍, ഭാവിയില്‍ ട്രാൻസ്ജെൻഡറുകള്‍ക്കു സൈന്യത്തില്‍ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതുള്‍പ്പെടെ യുഎസ് സൈന്യത്തെ ഉടച്ചുവാർക്കുന്നതിനുള്ള നാല് എക്സിക്യൂട്ടീവ് ഉത്തരവുകളിലാണു ട്രംപ് ഒപ്പുവച്ചത്.
മറ്റ് മൂന്ന് ഉത്തരവുകളിൽകൂടി ട്രംപ് ഒപ്പുവച്ചു
സൈന്യത്തിലെ ഡിഇഐ നയത്തിന് നിരോധനം ഏർപ്പെടുത്തുന്നതാണ് ഒരു ഉത്തരവ്. സായുധസേന, പ്രതിരോധവകുപ്പ്, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റ് എന്നിവയില്‍ വംശീയമോ ലൈംഗികതയോ അടിസ്ഥാനമാക്കിയുള്ള മുൻഗണനകള്‍ നല്‍കുന്നതാണു ഡിഇഐ നയം. കോവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിച്ചതിനു പുറത്താക്കിയ സൈനികരെ തിരിച്ചെടുക്കാനുള്ള ഉത്തരവാണു മറ്റൊന്ന്.മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം വികസിപ്പിക്കുന്നതിനുള്ള ഉത്തരവായിരുന്നു നാലാമത് ഒപ്പുവച്ചത്. ഇസ്രയേല്‍ ഗാസ യുദ്ധത്തില്‍ ഉപയോഗിച്ചതിനു സമാനമായ പ്രതിരോധ സംവിധാനം നിർമിക്കാനാണു ലക്ഷ്യമിടുന്നത്