കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കും : ഇന്ത്യ-ചൈന ധാരണ

ബെയ്ജിംഗ്: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെയില്‍ കൊവിഡ് കാലത്ത് നിറുത്തിവച്ച നേരിട്ടുള്ള വിമാന സർവീസുകള്‍ പുനരാരംഭിക്കാൻ തത്വത്തില്‍ ധാരണ.2025 വേനല്‍ക്കാലം മുതല്‍ കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കാനും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ ഉപമന്ത്രി സുൻ വെയ്‌ഡോംഗും നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് തീരുമാനം.

നയതന്ത്ര ശ്രമങ്ങള്‍ ഇരട്ടിയാക്കാൻ തീരുമാനിച്ചു.

നിലവിലുള്ള കരാറുകള്‍ പ്രകാരമാണ് വിമാന സർവീസും മാനസ സരോവർ യാത്രയും പുനരാരംഭിക്കുന്നത്. സാങ്കേതിക മേഖലയിലുള്ള അധികാരികള്‍ വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പുതുക്കിയ ചട്ടക്കൂടിനായി എത്രയും വേഗം യോഗം ചേരും. ഇന്ത്യ ചൈന നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75 -ാം വാർഷികം ഇക്കൊല്ലം ആചരിക്കും. നയതന്ത്ര ശ്രമങ്ങള്‍ ഇരട്ടിയാക്കാനും വിവിധ പരിപാടികള്‍ നടത്താനും തീരുമാനിച്ചു

ഇന്ത്യ ചൈന വിദഗ്ദ്ധതല യോഗം ചേരും.

ചർച്ചകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും. മുൻഗണനാ മേഖലകളെ അഭിസംബോധന ചെയ്യും. ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഉചിതമായ നടപടികള്‍ സ്വീകരിക്കാനും ഇരുപക്ഷവും സമ്മതിച്ചു. നദികളുമായി ബന്ധപ്പെട്ട ഡേറ്റ നല്‍കലും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച്‌ ചർച്ച ചെയ്യാൻ ഇന്ത്യ ചൈന വിദഗ്ദ്ധതല യോഗം ചേരും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് മിസ്രി ചൈനയിലെത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരത്തെ ബീജിംഗില്‍ വച്ച്‌ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും നടത്തിയ കൂടിക്കാഴ്ചയാണ് നയതന്ത്ര ചർച്ചകള്‍ വേഗത്തിലാക്കാൻ സഹായിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →