”എസ്.എഫ്.ഐ എന്താണെന്നറിയാൻ പഴയ ഗവർണറോട് ചോദിച്ചാല്‍ മതിയെന്ന് ” ആക്രോശിച്ച് എസ്.എഫ്.ഐ പ്രവർത്തക‌ർ

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനെ തടഞ്ഞ് എസ്.എഫ്‌.ഐ പ്രവർത്തകർ.കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും ഫലപ്രഖ്യാപനം നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തില്‍ നടന്ന ആരോഗ്യസർവകലാശാല ഇന്റർസോണ്‍ അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഡോ.മോഹനൻ കുന്നുമ്മലിനെ തടഞ്ഞത്. സ്റ്റേഡിയം വിട്ടിറങ്ങിയ വി.സി സംഘാടകർക്കൊപ്പം കാറിനടുത്തേക്ക് വരുമ്പോഴായിരുന്നു പ്രവർത്തകർ മുദ്രാവാക്യം മുഴക്കി മുന്നിലേക്കെത്തിയത്. പ്രതിഷേധത്തിനിടെ വി.സി കാറില്‍ കയറിയെങ്കിലും വാഹനം നീങ്ങാൻ പ്രവർത്തകർ അനുവദിച്ചില്ല.

എസ്.എഫ്.ഐ വിചാരിച്ചാല്‍ സാർ ഇവിടെനിന്ന് പോവില്ല

കേരള സർവകലാശാലയില്‍ സ്ഥിരമായി എത്തുന്നില്ല, അകാരണമായി രണ്ട് സെനറ്റ് യോഗങ്ങള്‍ മാറ്റിവച്ചു തുടങ്ങിയ ആരോപണങ്ങളും പ്രവർത്തകർ ഉന്നയിച്ചു.മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ ഇതൊരു മുന്നറിയിപ്പാണെന്ന മുഖവുരയോടെ “പഴയ ഗവർണറോട് ചോദിച്ചാല്‍ മതി എസ്.എഫ്.ഐ എന്താണെന്ന് അറിയാമെന്നും എസ്.എഫ്.ഐ വിചാരിച്ചാല്‍ സാർ ഇവിടെനിന്ന് പോവില്ലെന്നും ” ആക്രോശിച്ചു.

കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ കേസ്

ജില്ലാ പ്രസിഡന്റ് എം.എ.നന്ദൻ, സെക്രട്ടറി എസ്.കെ.ആദർശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബന്ധുവിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് വി.സി അറിയിച്ചതിനെ തുടർന്നാണ് പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചത്. തുടർന്ന് നന്ദനെയും വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെയും മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →