അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരച്ചടങ്ങുകള്‍ ജനുവരി 11ശനിയാഴ്ച ചേന്ദമംഗലത്ത്

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന് കലാകേരളം ശനിയാഴ്ച വിട നല്‍കും.സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച ചേന്ദമംഗലത്ത് വച്ചുനടക്കും.10ന് രാവിലെ 9.30ക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈന്‍ തറവാട് വീട്ടിലേക്ക് (മണ്ണത്ത് ഹൗസ് ) കൊണ്ടുപോകും. 12 മണി മുതല്‍ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനം. മറ്റന്നാള്‍ 11 -ാം തിയ്യതി രാവിലെ 9 മണി മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് 3 മണിക്ക് പാലിയം തറവാട് ശ്മശാനത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.

വ്യാഴാഴ്ച രാത്രി 7.54 നാണ് മരണം സ്ഥിരീകരിച്ചത്.

ജനുവരി 9 ന് രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വ്യാഴാഴ്ചയാണ് ആശുപത്രി വിട്ടത്.

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്

1944 മാര്‍ച്ച്‌ മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. 1966ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്.ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല.ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളില്‍ കുടിയേറിയ ജയചന്ദ്രനെ മലയാളികള്‍ ഭാവഗായകനായി ഹൃദയത്തില്‍ ഏറ്റെടുത്തു.

ദേശീയ പുരസ്‌കാരം ഒരുതവണയും, സംസ്ഥാനപുരസ്‌കാരം അഞ്ച് തവണയും

മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം അഞ്ച് തവണയും ദേശീയ പുരസ്‌കാരം ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴില്‍ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ‘കാത്താളം കാട്ടുവഴി’ ഗാനത്തിന് 1994-ലെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു. ‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീഴടക്കിയ ജയചന്ദ്രനോളം തമിഴില്‍ ശോഭിച്ച മറ്റൊരു മലയാളി ഗായകനുമുണ്ടാകില്ല.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനുശോചിച്ചു

പി. ജയചന്ദ്രന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനുശോചിച്ചു.ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളിയുടെ ഗൃഹാതുര ശബ്ദമായിരുന്നു പി.ജയചന്ദ്രന്റേതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.അനശ്വരഗാനങ്ങളിലൂടെ സംഗീതത്തിന്റെയും സ്വരമാധുരിയുടെയും വസന്തം തീര്‍ത്ത പി.ജയചന്ദ്രന്റെ വിയോഗം ഇന്ത്യന്‍ സംഗീത ലോകത്തിന് നികത്താനാവത്ത ഒന്നാണന്ന് മന്ത്രി വിഎന്‍ വാസവന്‍.
പി ജയചന്ദ്രന്റെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →