റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിബറ്റിലെ ഭൂകമ്പത്തില്‍ കുടുങ്ങിയവർക്കായി ഊർജിത രക്ഷാപ്രവർത്തനം; പ്രദേശത്തെ താപനില മൈനസ് ഡിഗ്രി സെല്‍ഷസ്

January 9, 2025 - 5:14 am

ടിബറ്റ് : ടിബറ്റിലെ ഷിഗാറ്റ്സെ പ്രദേശത്തുണ്ടായ ഭൂകമ്പത്തില്‍ കുടുങ്ങിയവർക്കായി ഊർജിത രക്ഷാപ്രവർത്തനം. താപനില മൈനസ് ഡിഗ്രി സെല്‍ഷസ് ആയതിനാല്‍ എത്രയും വേഗം എല്ലാവരെയും കണ്ടെത്താനാണു ശ്രമം. ജനുവരി 8 ന് നാനൂറിലധികം പേരെ രക്ഷപ്പെടുത്തിയതായി ചൈനീസ് അധികൃതർ അറിയിച്ചു. ജനുവരി 7 ചൊവ്വാഴ്ചയുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 126 പേർ മരിക്കുകയും 188 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാൻ എന്നിവിടങ്ങളിലും കുലുക്കമുണ്ടായി. ടിബറ്റില്‍ മാത്രമാണു മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രക്ഷാപ്രവർത്തനത്തിനായി 14,000 പേരെ വിന്യസിച്ചുവെന്ന് ചൈന

ടിബറ്റില്‍ എത്ര പേരെ കാണാതായി എന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എട്ടു ലക്ഷം പേർ വസിക്കുന്ന ഷിഗാറ്റ്സെയില്‍ 3,609 വീടുകള്‍ തകർന്നു. 46,500 പ്രദേശവാസികളെയും 484 ടൂറിസ്റ്റുകളെയും ഒഴിപ്പിച്ചു മാറ്റി. രക്ഷാപ്രവർത്തനത്തിനായി 14,000 പേരെ വിന്യസിച്ചുവെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇന്നലെ താപനില മൈനസ് 18 ഡിഗ്രി സെല്‍ഷസ് ആയിരുന്നു.

അതീവ ദുഃഖം പ്രകടിപ്പിച്ച് ദലൈലാമ

ഷിഗാറ്റ്സെയില്‍ അറുപതിനായിരം പേർ വസിക്കുന്ന ഡിൻഗ്രി ആണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ടിബറ്റില്‍ ഏറ്റവും കൂടുതല്‍ പേർ വസിക്കുന്ന പ്രദേശമാണിത്. ടിബറ്റൻ ബുദ്ധ മതത്തിലെ പ്രധാനിയായ പഞ്ചൻ ലാമയുടെ ആസ്ഥാനവും ഡിൻഗ്രി ആണ്. 1447ല്‍ ഒന്നാം ദലൈലാമ സ്ഥാപിച്ച തഷില്‍ഹുൻപൊ ബുദ്ധക്ഷേത്രത്തിനു ഭൂകമ്പത്തില്‍ തകരാറുണ്ടായില്ല. ഇന്ത്യയില്‍ പ്രവാസത്തില്‍ കഴിയുന്ന ഇപ്പോഴത്തെ ദലൈലാമ ടിബറ്റിലെ ഭൂകമ്പത്തില്‍ അതീവ ദുഃഖം പ്രകടിപ്പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *