നെടുമ്പാശേരി: സി.പി.ഐ പാറക്കടവ് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍നിന്ന് രേഖകളും പണവും കവർന്നതായി പരാതി . എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നും വ്യാജപ്രചാരണത്തിന് പിന്നില്‍ സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പാർട്ടി നടപടി നേരിട്ടവരാണെന്നും ലോക്കല്‍ സെക്രട്ടറി എം.എസ്.ചന്ദ്രബോസ് അറിയിച്ചു.മുൻ ലോക്കല്‍ സെക്രട്ടറി കെ.കെ. വേണു, അംഗങ്ങളായിരുന്ന ഗോകുല്‍ദേവ്, ധന്യ രാജേഷ് എന്നിവർക്കെതിരെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പാർട്ടി അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്.
മോഷണം ആരോപിച്ച് മുൻ ലോക്കല്‍ സെക്രട്ടറി കെ.കെ. വേണു ചെങ്ങമനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം കുറുമശേരിയില്‍ പ്രവർത്തിക്കുന്ന പാർട്ടി ഓഫീസില്‍നിന്ന് ഓഫീസ് രേഖകള്‍, മിനിറ്റ്സ് ബുക്ക്, ബാങ്ക് പാസ് ബുക്ക്, 94,000രൂപ എന്നിവ മോഷ്ടിച്ചതായി ആരോപിച്ച് കെ.കെ. വേണു ചെങ്ങമനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നിലവിലുണ്ടായിരുന്ന താഴ് പൊളിച്ചശേഷം മറ്റൊരു താഴിട്ട് പൂട്ടിയതായും വേണു ആരോപിച്ചിരുന്നു. ജനുവരിയിൽ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് വിഭാഗീയത രൂക്ഷമായിട്ടുള്ളത്. എന്നാൽ ലോക്കൽ കമ്മിറ്റി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും എല്‍.സി സെക്രട്ടറി അറിയിച്ചു.
