തൃശൂർ: 1961 ലെ വനനിയമം ഭേദഗതിചെയ്ത് വനം ഉദ്യോഗസ്ഥർക്കു പോലിസിന്‍റെ അമിതാധികാരം നല്‍കുന്ന വനഭേദഗതിനിയമം പിൻവലിക്കണമെന്നു കർഷക കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. നിയമം നടപ്പിലായാൽ കർഷകർക്കു വൻതിരിച്ചടിയാകുമെന്നും നേതാക്കൾ പറഞ്ഞു. വനനിയമഭേദഗതി ബില്‍ കത്തിച്ച് ഇന്ന് (19.12.2024) സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും. വനംവകുപ്പ് ഓഫിസുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാർച്ചും ധർണയും നടത്തും.
കർഷകരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന്‍റെ തുടക്കമാണ് പുതിയ നിയമം
വാറന്‍റില്ലാതെ പരിശോധന നടത്താനും അനധികൃതമായി ആരെയും തടങ്കലില്‍ വയ്ക്കാനും വനം ഉദ്യോഗസ്ഥർക്ക് അധികാരം നല്‍കുമ്പോള്‍ അതിന്‍റെ കെടുതി ഏറ്റുവാങ്ങേണ്ടിവരുന്നതു കർഷകരും ആദിവാസികളുമാണെന്നു നേതാക്കള്‍ പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ ഭയന്നുജീവിക്കുന്ന കർഷകർക്കു കൂടുതല്‍ ഭീഷണിയുണ്ടാക്കുന്നതാണു പുതിയ നിയമം. മലയോരമേഖലളകില്‍ ജീവിക്കുന്ന കർഷകരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന്‍റെ തുടക്കമാണ് പുതിയ നിയമമെന്നും ജില്ലാ പ്രസിഡന്‍റ് രവി പോലുവളപ്പില്‍, സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോവിന്ദൻകുട്ടി, എ.ആർ. സുകുമാരൻ എന്നിവർ ചൂണ്ടിക്കാട്ടി
തീർത്തും കർഷകവിരുദ്ധമായ ബിൽ
വനാതിർത്തിയോടു ചേർന്നുകിടക്കുന്ന പഞ്ചായത്തുകളിലെ ലക്ഷക്കണക്കിനു കർഷകരെ ദോഷകരമായി ബാധിക്കുന്ന വിജ്ഞാപനം പിൻവലിക്കണം. കർഷകസംഘടനകളുമായും വിശദചർച്ച നടത്താതെയാണ് കരടുബില്‍ കൊണ്ടുവരുന്നത്. തീർത്തും കർഷകവിരുദ്ധമായ ബില്ലാണ് തയാറാക്കിയിട്ടുള്ളതെന്നും നേതാക്കള്‍ വിമർശിച്ചു.