കൊച്ചി: ഹൃദയം മാറ്റിവയ്ക്കാനുള്ള ലൈസൻസ് എറണാകുളം ജനറല്‍ ആശുപത്രിക്ക് ലഭിച്ചു. ഈ ലൈസൻസ് ലഭിക്കുന്ന രാജ്യത്തെ ആദ്യ ജനറല്‍ ആശുപത്രിയാണ് എറണാകുളം. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷായ്ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ലൈസൻസ് കൈമാറി. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ജീവനേകാം ജീവനാകാം’ ക്യാമ്പയിന്റെ സംസ്ഥാന ഉദ്ഘാടനച്ചടങ്ങിൽ വെച്ച് ഡിസംബർ 1ന് ആണ് ലൈസൻസ് കൈമാറിയത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്ദ്ധസംഘം ആശുപത്രിയിലെ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയശേഷമാണ് ലൈസൻസ് അനുവദിച്ചത്.ചടങ്ങില്‍ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, കെ. സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവർ പങ്കെടുത്തു.