.അബുജ: നൈജീരിയയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നല്‍കി നൈജീരിയയിലെ ഇന്ത്യൻ സമൂഹം. ത്രിരാഷ്‌ട്ര സന്ദർശന ത്തിന്റെ ആദ്യഘട്ടത്തിലാണ് പ്രധാനമന്ത്രി നൈജീരിയയിലെത്തിയത്. 2024 നവംബർ 21 വരെയാണ് സന്ദർശനം. ഇന്ത്യൻ സമൂഹം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ചിട്ടുണ്ട്.17 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പശ്ചിമാഫ്രിക്കൻ രാജ്യത്തേക്ക് സന്ദർശനംനടത്തുന്നത്.നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെത്തിയ പ്രധാനമന്ത്രിയെ ഫെഡറല്‍ ക്യാപിറ്റല്‍ ടെറിട്ടറി മന്ത്രി നൈസോം എസെൻവോ വൈക്കാണ് സ്വീകരിച്ചത്.
ഇന്ത്യൻ സമൂഹം നല്‍കുന്ന സ്വീകരണം ഹൃദയസ്പർശിയെന്ന് നരേന്ദ്ര മോദി
നൈജീരിയയിലെ ഇന്ത്യൻ സമൂഹം നല്‍കുന്ന സ്വീകരണം മനസ് നിറയ്‌ക്കുന്നുവെന്നും ഹൃദയസ്പർശിയാണെന്നും നരേന്ദ്ര മോദി സമൂഹമാദ്ധ്യമ പോസ്റ്റില്‍ കുറിച്ചു. മറാത്തി ഭാഷയ്‌ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതില്‍ നൈജീരിയയിലെ മറാത്തി സമൂഹം സന്തോഷം പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സംഘത്തിലൊരാള്‍ പ്രധാനമന്ത്രിയുടെ ഛായചിത്രം സമ്മാനിച്ചു. പ്രധാനമന്ത്രി എത്തിയതിന് പിന്നാലെ അദ്ദേഹവുമായി സംവദിക്കാനുള്ള ആവേശത്തിലായിരുന്നു ഇന്ത്യൻ പ്രവാസികള്‍. തങ്ങള്‍ ഈ ദിനത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം നൈജീരിയയയുടെ മണ്ണിലെത്തിയതില്‍ അഭിമാനമുണ്ടെന്നും ധീരേന്ദ്ര സിംഗ് ചൗഹാൻ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രിയും പ്രിതനിധികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്തും. നൈജീരിയയ്‌ക്ക് പുറമേ ബ്രസീല്‍, ഗയാന എന്നിവടങ്ങളിലും പ്രധാനമന്ത്രി പര്യടനം നടത്തും.