കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍

തളിപ്പറമ്പ് : മുനമ്പത്ത് പ്രതിഷേധം ഇരമ്പവെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും സമാനമായ രീതിയില്‍ വഖഫിന്റെ ഇടപെടല്‍.തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600 ഏക്കറോളം വരുന്ന ഭാഗം വഖഫ് ബോര്‍ഡിന്റേതാണെന്നാണ് അവകാശവാദം. പഴയ രേഖകള്‍ ചൂണ്ടിക്കാട്ടി ഒഴിപ്പിക്കലിന് നോട്ടീസും നല്‍കിത്തുടങ്ങി.നഗരസഭാ കാര്യാലയവും സഹകരണ ആശുപത്രിയും ഉള്‍പ്പെടെ മന്ന ടൗണ്‍ പ്രദേശത്താണ് വഖഫ് അവകാശവാദം ഉന്നയിക്കുന്നത്. ഭൂമി തങ്ങളുടേതാണെന്നുകാട്ടി ജമാഅത്ത് പള്ളി പലര്‍ക്കും കുടിയൊഴിപ്പിക്കലിന്റെ ആദ്യപടിയായി നോട്ടീസ് നല്‍കി.

വഖഫ് ബോര്‍ഡിന്റെ അവകാശവാദം

മുക്കാല്‍ നൂറ്റാണ്ടു മുമ്പ് നരിക്കോട് ഇല്ലത്തെ നമ്പൂതിരി ജമാഅത്ത് പള്ളിക്ക് വഖഫ് ചെയ്ത ഭൂമിയാണ് ഇതെന്നാണ് ബോര്‍ഡിന്റെ അവകാശവാദം. ഇതിനെ ഭൂവുടമകള്‍ എതിര്‍ക്കുന്നുണ്ട്. തങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് വില കൊടുത്തു വാങ്ങിയ സ്ഥലമാണ് ഇതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു തെളിവായി ആധാരവും കൈവശ രേഖയും നികുതിയടച്ച രസീതും പട്ടയവും ഇവര്‍ ഹിയറിങ്ങില്‍ ഹാജരാക്കും. നോട്ടീസ് ലഭിച്ചവര്‍ അഭിഭാഷകര്‍ മുഖേന മറുപടി നല്കിക്കഴിഞ്ഞു. ഇവരെ കണ്ണൂരും എറണാകുളത്തും നടക്കുന്ന ഹിയറിങ്ങിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

പള്ളി തന്നെ ലേലം ചെയ്തും വിലയ്ക്കും ഭൂമി വിറ്റിട്ടുണ്ട്.

അതേ സമയം പള്ളിയുടെ കൈവശം കോടതി മുഖേന ലഭിച്ച സെറ്റില്‍മെന്റ് ആധാരമാണുള്ളത്. പള്ളിയും ഇല്ലവും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരമായി 167 ഏക്കര്‍ ഭൂമിയില്‍ 60 ഏക്കര്‍ ഭൂമി ഇല്ലത്തിനും ബാക്കി പള്ളിക്കും നല്‍കി കോടതി മുഖേന ഉണ്ടാക്കിയ സെറ്റില്‍മെന്റ് ആധാരമാണിത്. എന്നാല്‍ ഈ ആധാരം രേഖയാക്കി പള്ളി തന്നെ ലേലം ചെയ്തും വിലയ്ക്കും ഭൂമി വിറ്റിട്ടുണ്ട്.

തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ കൈവശം ഉണ്ടായിരുന്ന ഭൂരിഭാഗവും കൃത്രിരേഖകള്‍ ചമച്ച്‌ പലരും തട്ടിയെടുത്തുവെന്നാണ് വഖഫ് സ്വത്ത് സംരക്ഷണസമിതി ആരോപിക്കുന്നത്. ഈ സ്വത്ത് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് മഹല്ലിന് കീഴില്‍ 2022 മെയ് മാസം മുതല്‍ തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി രൂപീകരിച്ച്‌ പ്രവര്‍ത്തിച്ചുവരികയാണ്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ രംഗത്തെത്തി.

നോട്ടീസ് ലഭിച്ചവരെല്ലാം ഒഴിയില്ലെന്നാണ് വ്യക്തമാക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വ്യാപാരികളും താമസക്കാരുമെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പണം നല്‍കി വാങ്ങിച്ചതാണ് ഭൂമി. കോടികള്‍ വിലയുള്ള ഇവ വിട്ടുകൊടുക്കണമെന്നത് വലിയ നിയമപ്രശ്‌നങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയേക്കും. സംസ്ഥാന സര്‍ക്കാരും പ്രാദേശിയ രാഷ്ട്രീയ നേതൃത്വവും വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്നാണ് നോട്ടീസ് ലഭിച്ചവരുടെ പ്രതീക്ഷ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →