കോഴിക്കോട്: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വഖഫിന്റെ പേരില്‍ വർഗീയ പരാമർശം നടത്തിയ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ.പി.സി.സി മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപ്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് അനൂപിൻറെ പരാതി. കമ്പളക്കാട് നടന്ന എൻ.ഡി.എ പൊതുയോഗത്തിലാണ് സുരേഷ് ഗോപി വഖഫിനെതിരെ വിവാദ പരാമർശം നടത്തിയത്.
ആ ബോർഡിൻ്റെ പേര് താൻ പറയില്ല
നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമാണ് വഖഫ് എന്നാണ് സുരേഷ് ഗോപി അധിക്ഷേപിച്ചത്. ആ ബോർഡിൻ്റെ പേര് താൻ പറയില്ല. ആ കിരാതത്തെ ഒതുക്കിയിരിക്കും. അമിത് ഷായുടെ ഓഫിസില്‍ നിന്ന് അയച്ച ഒരു വിഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
വേളാങ്കണ്ണി പള്ളി ഉള്‍പ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണം
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും ഇതേ വേദിയില്‍ വെച്ച് വഖഫ് വിഷയത്തില്‍ വിവാദ പരാമർശം നടത്തിയിരുന്നു. 18-ാം പടിക്ക് താഴെ ഇരിക്കുന്ന വാവര് താൻ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാല്‍ ശബരിമല വഖഫിന്റെതാകും. അയ്യപ്പൻ ശബരിമലയില്‍ നിന്ന് ഇറങ്ങിപ്പോവേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉള്‍പ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു
