പാലക്കാട്: ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.സന്ദീപ് വാര്യര്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ മോഹങ്ങള്‍ ഉണ്ട്, തുറന്ന് പറച്ചിലിന് പിന്നില്‍ സീറ്റ് കിട്ടാത്തതിലെ ദുഃഖമാകാമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. സന്ദീപ് ബിജെപി വിടില്ല എന്നാണ് വിശ്വാസമെന്നും അല്‍ഫോണ്‍സ് പറഞ്ഞു.
ദേശീയതയില്‍ ഊന്നിനിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സന്ദീപ് വാര്യരെന്ന് അനിൽ ആന്റണി.
സന്ദീപ് വാര്യര്‍ പാര്‍ട്ടി നേതൃത്വവുമായി പിണങ്ങിനില്‍ക്കുന്നത് ഈ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട വിഷയമല്ലെന്ന് ബി.ജെ.പി ദേശീയ വക്താവ് അനില്‍ ആന്റണിയും പറഞ്ഞു. പത്തുവയസു മുതല്‍ സംഘപ്രവര്‍ത്തകനാണ് സന്ദീപ് വാര്യര്‍. ദേശീയതയില്‍ ഊന്നിനിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. വിഷമങ്ങളുണ്ടായിരിക്കാം. എന്നാല്‍ മുതിര്‍ന്ന പല നേതാക്കളും സന്ദീപുമായി സംസാരിച്ചു വരികയാണെന്നും അനില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് 20-ാം തീയതിയിലേക്ക് നീട്ടിയതുകാരണം സന്ദീപ് വാര്യര്‍ അതിനുമുന്‍പ് ബി.ജെ.പിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അനില്‍ ആന്റണി പ്രതികരിച്ചു. മറ്റ് രണ്ട് മുന്നണികള്‍വെച്ചുനോക്കുമ്പോള്‍ സന്ദീപ് വാര്യര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഒരു വിഷയമേയല്ല. സി.പി.എമ്മിന് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍പോലും സാധിച്ചില്ല. അവരുടെ സ്ഥാനാര്‍ത്ഥി സരിന്‍ മൂന്നാഴ്ച മുന്‍പുവരെ വലിയ കോണ്‍ഗ്രസുകാരനായിരുന്നുവെന്നും അനില്‍ പറഞ്ഞു.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
‘രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായതില്‍ പലവട്ടം എം.പിയും എം.എല്‍.എയുമൊക്കെയായ ഒരുപാട് സീനിയര്‍ നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. അതൊക്കെ വെച്ചുനോക്കുമ്പോള്‍ ബി.ജെ.പിയിലുള്ള പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളേയല്ല. അച്ചടക്ക ലംഘനത്തേക്കുറിച്ച് പറയുന്നില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബി.ജെ.പി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ്. ഏത് സ്ഥാനാര്‍ത്ഥിയായാലും പ്രധാനമന്ത്രിയടക്കമുള്ള സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. തീരുമാനമെടുത്തുകഴിഞ്ഞാല്‍ അതനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.’ അനില്‍ ആന്റണി പറഞ്ഞു.
ഇ.ശ്രീധരനെപ്പോലെയൊരാളെ തോൽപ്പിച്ചതുകൊണ്ട് നഷ്ടമുണ്ടായത് പാലക്കാട്ടെ ജനങ്ങള്‍ക്കാണ്.
പാലക്കാടുള്ള എല്ലാ പ്രവര്‍ത്തകരും പ്രചാരണത്തിനിറങ്ങണം. സന്ദീപ് വാര്യര്‍ക്കെതിരെ അച്ചടക്കനടപടിയുണ്ടാവുമോയെന്ന് തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വമാണ്. സന്ദീപ് വാര്യരല്ല ഇവിടത്തെ വിഷയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ.ശ്രീധരനെപ്പോലെയൊരാള്‍ ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായപ്പോള്‍ സി.പി.എം കോണ്‍ഗ്രസിന് വോട്ടുമറിച്ച് അദ്ദേഹത്തെ പരാജയപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് നഷ്ടമുണ്ടായത് പാലക്കാട്ടെ ജനങ്ങള്‍ക്കാണ്. അതുമാറ്റാനുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
.