കാർവാർ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവുശിക്ഷ

ബംഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാർവാർ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവുശിക്ഷ. ബംഗളുരൂവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സതീഷ് കൃഷ്ണ സെയില്‍, തുറമുഖ വകുപ്പ് ഡെപ്യൂട്ടി കണ്‍സർവേറ്ററായിരുന്ന മഹേഷ് ജെ. ബിലിയെ, ഖനിയുടമ തുടങ്ങി ഏഴു പേർക്കാണ് ശിക്ഷ. പ്രതികള്‍ 44 കോടി രൂപ പിഴയും ഒടുക്കണം

60,000 കോടി രൂപ മതിപ്പ് വരുന്ന ഇരുമ്പയിര് കടത്തിയെന്നതാണ് കേസ്.

2010ലാണ് കർണാടകയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ബെലിക്കേരി ഇരുമ്പയിര് അഴിമതി പുറത്തു വരുന്നത്. 2006 -2008 ല്‍ ബെലെകെരി തുറമുഖം വഴി 60,000 കോടി രൂപയെങ്കിലും മതിപ്പ് വരുന്ന ഇരുമ്പയിര് കടത്തിയെന്നതാണ് കേസ്. തുച്ഛമായ റോയല്‍റ്റി മാത്രം നല്‍കി ഇരുമ്പയിര് വിദേശത്തേക്ക് കയറ്റുമതി ചെയ്തതിലൂടെ സർക്കാരിന് ഭീമമായ നഷ്ടമുണ്ടായി. സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം സെയ്ല്‍ അറസ്റ്റിലായിരുന്നു. ഒരു വർഷത്തോളം ജയിലില്‍ കിടന്നു. പിന്നീട് ജാമ്യം ലഭിച്ചു

ഏഴ് പേരെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി

വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ സതീഷ് കൃഷ്ണ സെയ്ലിന് എം.എല്‍.എ സ്ഥാനം നഷ്ടമാകും. ഏഴ് പേരെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കേസില്‍ സെയില്‍ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. പിന്നാലെ രാത്രി തന്നെ സി.ബി.ഐ സെയിലിനെ അറസ്റ്റ് ചെയ്തു. രജിസ്റ്റർ ചെയ്ത ആറ് കേസുകളിലും സെയില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇളവുവേണമെന്നും സെയില്‍ കോടതിയില്‍ വാദിച്ചിരുന്നു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിന് നേതൃത്വം നല്‍കിയത് സെയിലായിരുന്നു.

Share
അഭിപ്രായം എഴുതാം