.ഡല്‍ഹി: ടയർ കമ്പനികളുടെ താത്പര്യങ്ങള്‍ക്കു വഴങ്ങി റബറിന്‍റെ വിലയിടിക്കുന്നത് രാജ്യത്തെ റബർ കർഷകരെ സാരമായി ബാധിക്കുന്നതായി എഐകെഎസ് ജനറല്‍ സെക്രട്ടറി വിജു കൃഷ്ണൻ.. സ്വാഭാവിക റബറിന്‍റെ വിലവ്യതിയാനത്തില്‍ ടയർ കമ്പനികള്‍ നഗ്‌നമായ കൃത്രിമം കാണിക്കുന്നതായും റബർ വിലയില്‍ ഇടിവുണ്ടാക്കി ടയർ കുത്തകകള്‍ ലാഭം കൊയ്ത് സാധാരണ കർഷകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നതായും കിസാൻ സഭ ആരോപിച്ചു .ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളില്‍ നിരവധി ആദിവാസി കർഷകരുടെ ജീവിതമാർഗമാണു റബർ
ടയർ ലോബിയുടെ സമ്മർദത്തിനുവഴങ്ങി സർക്കാർ വൻതോതിലുള്ള ഇറക്കുമതി അനുവദിക്കുന്നു
.നിലവില്‍ ആഭ്യന്തര മാർക്കറ്റിനേക്കാളും അന്തരാഷ്‌ട്ര മാർക്കറ്റിലെ റബറിന്‍റെ വില കിലോയ്ക്ക് 30 രൂപ കൂടുതലാണ്. ആഭ്യന്തര മാർക്കറ്റിലെ റബറിന്‍റെ വില അന്തരാഷ്‌ട്ര മാർക്കറ്റിനേക്കാളും കൂടുതലാകുമ്പോള്‍ ഇറക്കുമതിത്തീരുവ കുറച്ച് റബർ ഇറക്കുമതി ചെയ്യാൻ ടയർ ലോബികള്‍ കേന്ദ്രസർക്കാരില്‍ സമ്മർദം ചെലുത്തുന്നു. സർക്കാർ ഇതിനു വഴങ്ങി വൻതോതിലുള്ള ഇറക്കുമതി അനുവദിക്കുന്നു. അതേസമയം അന്താരാഷ്‌ട്ര മാർക്കറ്റില്‍ റബറിന്‍റെ വില ഉയരുമ്പോള്‍ കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും എഐകെഎസ് കുറ്റപ്പെടുത്തി.
ടയർ ലോബികളുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണം വേണം
വിപണിയില്‍ ആശങ്ക പടർത്തുന്നതിന് ടയർ കമ്പനികള്‍ ബോധപൂർവം കഴിഞ്ഞയാഴ്ച റബർ വാങ്ങുന്നത് നിർത്തിയതായി നിരവധി വ്യാപാരികള്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ടയർ ലോബികളുടെ ഇത്തരം ഇടപെടലുകള്‍ക്ക് നിയന്ത്രണം ആവശ്യമാണ്. ഇത്തരത്തില്‍ വിപണിയില്‍ തെറ്റിദ്ധാരണ പരത്തുന്ന കുത്തക മുതലാളിമാർക്കെതിരേ നടപടി വേണമെന്നും എഐകെഎസ് ആവശ്യപ്പെട്ടു. കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കി റബറിന് ന്യായവില ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും എഐകെഎസ് ആവശ്യപ്പെട്ടു
