കല്‍പ്പറ്റ: ജില്ലയിലെ ഇക്കോ ടൂറിസംകേന്ദ്രങ്ങളിലെ സന്ദർശനം സാധാരണക്കാർക്ക് അന്യമാകാൻ സാധ്യത. നിരക്ക് ഇരട്ടിയിലധികം വർദ്ധിച്ചതോടെ പണമുള്ളവർക്ക് മാത്രമേ ഇത്തരംകേന്ദ്രങ്ങളില്‍ പ്രവേശനം സാധ്യമാവുകയുള്ളൂ. ചെമ്ബ്രമലയിലെ ട്രക്കിങ്ങിന് നേരത്തെ 5പേർ അടങ്ങുന്ന ഗ്രൂപ്പിന് 2500 രൂപയായിരുന്നു നിരക്ക്. എന്നാല്‍ ഇത് 5000 രൂപയാക്കി വർദ്ധിപ്പിച്ചു. ഒരു സഞ്ചാരി നല്‍കേണ്ടത് ആയിരം രൂപ.
വിദേശ സഞ്ചാരികളാണെങ്കില്‍ അഞ്ചുപേർക്ക് 8,000 രൂപ നല്‍കണം.കുട്ടികള്‍ക്ക്‌പോലും നിരക്കില്‍ കാര്യമായ കുറവില്ല. അഞ്ചു കുട്ടികള്‍ക്ക് 1600 രൂപയാണ് ഫീസ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിലെ പ്രവേശനത്തിന് 118 രൂപയാണ് മുതിർന്നവരുടെ ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 70 രൂപ നല്‍കണം. കുറുവാ ദ്വീപില്‍ മുതിർന്നവർക്ക് 220 രൂപയും കുട്ടികള്‍ക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭൂരിഭാഗം വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രവേശന നിരക്ക് ഇരട്ടിയായാണ് വർദ്ധിപ്പിച്ചിട്ടുള്ളത്
സ്വകാര്യ പാർക്ക് ഉള്‍പ്പെടെയുള്ളവരെ സഹായിക്കാനാണെന്ന് വിമർശനം
ഇത്തരത്തില്‍ വൻതോതില്‍ നിരക്ക് വർദ്ധിപ്പിക്കുന്നത് വയനാട്ടിലേക്ക് വിനോദസഞ്ചാരികളുടെ വരവ് കുറയ്ക്കുന്നതിന് കാരണമാകുമെന്ന് വിമർശനം ഉണ്ട്. സ്‌കൂള്‍ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് പ്രധാന സീസണുകളില്‍ ജില്ലയിലേക്ക് എത്തിയിരുന്നത്. കുട്ടികള്‍ക്ക് ഉള്‍പ്പെടെ നിരക്ക് വർദ്ധിപ്പിച്ചത് ഇത്തരക്കാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഇത് സ്വകാര്യ പാർക്ക് ഉള്‍പ്പെടെയുള്ളവരെ സഹായിക്കുന്ന നടപടിയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ഹൈക്കോടതി നിർദ്ദേശത്തിന്റെ മറവിൽ നിരക്കുവർദ്ധന
സഞ്ചാരികളുടെ എണ്ണം കുറയ്ക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ മറവിലാണ് ഇത്തരത്തില്‍ നിരക്ക് വൻതോതില്‍ വർദ്ധിപ്പിച്ചിട്ടുള്ളത്. സഞ്ചാരികളുടെ എണ്ണം കുറയ്ക്കുമ്പോള്‍ നിരക്ക് വർദ്ധിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന വിചിത്രവാദമാണ് വനം വകുപ്പ് നല്‍കുന്നത്. ഇത്തരത്തില്‍ നിരക്ക് വർദ്ധിപ്പിക്കുന്നത് വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ പ്രയാസകരമാകും. ചെമ്ബ്രമലയില്‍ 75പേർക്ക് മാത്രമാണ് പുതുതായി പ്രവേശന അനുമതി നല്‍കുന്നത്. ഇത്രയും കുറച്ച്‌പേര് മാത്രം പ്രവേശിപ്പിക്കുമ്പോള്‍ നിരക്ക് വർദ്ധിപ്പിക്കുകയല്ലാതെ മാറ്റുമാർഗം ഇല്ലെന്നാണ് വനസംരക്ഷണ സമിതി പറയുന്നത്.
.. .