ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

ഡല്‍ഹി: ജമ്മു കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പുള്ള ആദ്യ ദൗത്യം സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതാവണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യാ മുന്നണി ഈ ആവശ്യത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേന്ദ്രം സമ്മതിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കണമെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാഗ്ദാനം ചെയ്തിരുന്നു.

അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കിൽ പുതിയ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണം

ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ജനവിധിയെ പരിഹസിച്ച്‌ ജമ്മു കാശ്മീരിന്റെ അധികാരം ലഫ് ഗവര്‍ണര്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണെന്നും ചിദംബരം എക്സില്‍ കുറിച്ചു. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുക എന്നതായിരിക്കണം പുതിയ സര്‍ക്കാരിന്റെ ആദ്യ ദൗത്യം, എല്ലാ ഇന്ത്യാ മുന്നണി പാര്‍ട്ടികളും ഈ ആവശ്യത്തെ പിന്തുണയ്ക്കണം. അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കിൽ പുതിയ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ മടിക്കേണ്ടതില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Share
അഭിപ്രായം എഴുതാം