റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാങ്ഹായ് സഹകരണ സഖ്യ ത്തിന്റെ രാഷ്ട്രതലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാകിസ്താനിലേക്ക്

October 4, 2024 - 8:45 pm

ഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാകിസ്താന്‍ സന്ദര്‍ശിക്കുന്നു. ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സഖ്യ (എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രതലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹത്തിന്റെ പാകിസ്താൻ സന്ദർശനം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിന്റെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനമാണിത്. 2024 ഒക്ടോബര്‍ 15, 16 തീയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും.

എസ്.സി.ഒ. രാഷ്ട്രതലവന്മാരുടെ യോഗത്തിന് പാകിസ്താൻ ആതിഥേയത്വം വഹിക്കും

ഷാങ്ഹായ് സഹകരണ സഖ്യം കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ് (സി.എച്ച്‌.ജി.) നിലവിലെ അധ്യക്ഷസ്ഥാനം പാകിസ്താനാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ്.സി.ഒ. രാഷ്ട്രതലവന്മാരുടെ യോഗത്തിന് പാകിസ്താനാണ് ആതിഥേയത്വം വഹിക്കുന്നത്. ഇസ്ലാമാബാദില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്താന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നുവെന്ന് വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

രാജ്യത്തിന്റെ ഉന്നതനേതാവ് പാകിസ്താനിൽ പോകേണ്ടെന്നതാണ് ഇന്ത്യയുടെ നയം

യോഗത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചതായി പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ചും പറഞ്ഞിരുന്നു. എന്നാല്‍, അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താനില്‍ രാജ്യത്തിന്റെ ഉന്നതനേതാവ് പോകേണ്ടെന്ന ഇന്ത്യയുടെ നയം ഇക്കാര്യത്തിലും തുടരുമെന്നാണറിയുന്നത്. കഴിഞ്ഞവര്‍ഷം കിര്‍ഗിസ്താനിലെ ബിഷ്‌കെക്കില്‍ നടന്ന ഉച്ചകോടിയിലും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.

പാകിസ്താന്റെ നയത്തെ എസ് ജയശങ്കര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു

പാകിസ്താന്‍ തീവ്രവാദത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയുടെ ശക്തമായ നിലപാടിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പാകിസ്താന്‍ സന്ദര്‍ശനം. അതിര്‍ത്തി കടന്നുള്ള ഭീകരതയില്‍ പാകിസ്താന്റെ നയത്തെ എസ് ജയശങ്കര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. തീവ്രവാദത്തിന് ദീര്‍ഘകാലമായി നല്‍കുന്ന പിന്തുണ വിജയിക്കുകയില്ലെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ന്യൂഡല്‍ഹിയും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം വഷളായതിനിടയിലാണ് ജയശങ്കറിന്റെ പാകിസ്താന്‍ സന്ദര്‍ശനം

കശ്മീര്‍ പ്രശ്നവും അതിര്‍ത്തി കടന്നുള്ള ഭീകരവാദവും കാരണം ന്യൂഡല്‍ഹിയും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം വഷളായതിനിടയിലാണ് ജയശങ്കറിന്റെ പാകിസ്താന്‍ സന്ദര്‍ശനം. 2020ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഷാങ്ഹായ് ഉച്ചകോടിയില്‍, പാകിസ്താനെ പ്രതിനിധീകരിച്ചത് വിദേശകാര്യ പാര്‍ലമെന്ററി സെക്രട്ടറിയാണ്. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായാണ് ഇന്ത്യ ആതിഥേയത്വം വഹിച്ചത്. അന്ന് വിഡിയോ ലിങ്ക് വഴി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പങ്കെടുത്തിരുന്നു. ഇന്ത്യ, ചൈന, റഷ്യ, പാകിസ്താന്‍, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, ഉസ്ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *