തിരുവനന്തപുരം∙: സംസ്ഥാന സർക്കാരിനെതിരെ സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടിവിൽ രൂക്ഷ വിമർശനം. പാർട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നതായി യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അംഗങ്ങൾ വിമർശനം ഉന്നയിച്ചു. വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നാണ് പ്രധാന വിമർശനം. സഹകരണ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിക്ഷേപകർക്ക് പണം മടക്കിക്കൊടുക്കുകയാണ് വേണ്ടതെന്നും, പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി..
സിപിഐയുടെ കൈവശമുള്ള ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുകയാണെന്നും വിമർശനം ഉയർന്നു. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലാണ്. ചെലവുചുരുക്കലിനെക്കുറിച്ച് ആവർത്തിക്കുമ്പോഴും സർക്കാരിന്റെ ധൂർത്ത് വർധിക്കുകയാണ്. സഹകരണ മേഖലയിലെ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനമുണ്ട്. വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണ്. മുൻമുഖ്യമന്ത്രിമാർ കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിനു തയാറാകുന്നില്ലെന്നും ചോദ്യമുയർന്നു

