തിരുവനന്തപുരം: ആറ്റിങ്ങലിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി. ആറ്റിങ്ങൽ സ്വദേശി സുജിയുടെ മൃതദേഹമാണ് വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്. 2023 സെപ്തംബർ 14 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആലംകോട് നിന്നും സുജിയും സുഹൃത്തുക്കളായ ബിജുവും അനീഷും ആറ്റിങ്ങലിലുള്ള ബാറിലെത്തി മദ്യപിച്ചത്. ശേഷം മേലാറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്രത്തിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ എത്തി. വീണ്ടും മദ്യപിക്കുന്നതിനിടയിലാണ് ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കമുണ്ടാവുന്നത്. തുടർന്നുണ്ടായ സംഘർഷമാണ് സുജിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതികളെ 2023 സെപ്തംബർ 15 വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സുജിയുടേയും പ്രതികളുടേയും പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. സുജിയുടെ സുഹൃത്തുക്കളായ കീഴാറ്റിങ്ങൽ സ്വദേശി ബിജുവിനെയും, കരിച്ചയിൽ സ്വദേശി അനീഷിനെയും കടയ്ക്കാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട സുജിയുടെ ദേഹത്ത് വെട്ട് കത്തി കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. കൊലപാതകത്തിന് ശേഷം രാത്രി 12 മണിയോടെ ബിജുവിന്റെ ഓട്ടോയിൽ ഇരുവരും രക്ഷപ്പെടുകയായിരുന്നു. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് എതിർവശത്ത് ഓട്ടോറിക്ഷ ഉപേക്ഷിച്ച ശേഷം ഒളിവിൽ പോയ പ്രതികളെ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യം പൊലീസ് പിടികൂടിയത്.
പ്രതികളായ അനീഷിന്റെയും ബിജുവിന്റെയും വീട്ടിലെ സ്ത്രീകളെ കൊല്ലപ്പെട്ട സുജി ഇതിനു മുൻപ് ശല്യം ചെയ്തതാണ് പ്രതികൾക്ക് വ്യക്തി വൈരാഗ്യം ഉണ്ടാകാൻ കാരണമെന്നാണ് തുടർന്നുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സുജി വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ്. പ്രതിയായ ബിജുവിനെ മുൻപ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. അനീഷിനെതിരെയും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.



