ലാപാസ്: ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ബൊളീവിയയെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ മെസി ഇറങ്ങിയേക്കില്ലെന്ന് സൂചന നല്‍കി കോച്ച് സ്‌കലോണി. ക്ഷീണം കാരണം മെസി മിക്കവാറും സബ്റ്റിറ്റിയൂട്ട് ലിസ്റ്റിലാവും ഉണ്ടാവുകയെന്നാണ് വിവരം. ഏഞ്ചല്‍ ഡിമരിയയും യൂലിയന്‍ അല്‍വാരസും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നും സ്‌കലോണി പറഞ്ഞു.
എം.എല്‍.എസില്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ കളിച്ചെത്തിയ മെസി കഴിഞ്ഞദിവസം യോഗ്യതാറൗണ്ടില്‍ ഇക്വഡോറിനെതിരേ ഫ്രീകിക്കില്‍ നിന്ന് ഗോള്‍ നേടി അര്‍ജന്റീനയെ വിജയിപ്പിച്ചിരുന്നു.
സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലാപാസിലെ സ്റ്റേഡിയത്തില്‍ എതിര്‍ രാജ്യത്തില്‍നിന്നുള്ള താരങ്ങള്‍ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. പരിചിതരല്ലാത്ത താരങ്ങള്‍ ഇവിടെ ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടി ക്ഷീണിതരാവുക പതിവാണ്. പ്രത്യേകിച്ച് പ്രായമേറിയ താരങ്ങള്‍. സ്ഥിരം കളിച്ചുശീലമുള്ള ബൊളീവിയന്‍ താരങ്ങള്‍ പലപ്പോഴും ലാപാസിലെ ഹോംഗ്രൗണ്ടില്‍ അതുകൊണ്ടുതന്നെ പുലിക്കുട്ടികളാകാറുമുണ്ട്.



