ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ വനിതാ ഫൈനലില്‍ ലോക രണ്ടാം റാങ്കുകാരി അരൈന സബലെങ്കയും ആതിഥേയരുടെ പ്രതീക്ഷ കൊക്കോ ഗൗഫും ഏറ്റുമുട്ടും. യു.എസിന്റെ 17-ാം സീഡ് മാഡിസണ്‍ കീസിനെ അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ കീഴടക്കിയാണ് സബലെങ്ക ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് കീസ് ലോകറാങ്കിങ്ങില്‍ അടുത്ത ആഴ്ചയോടെ ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്ന സബലെങ്കയെ നിലംതൊടീച്ചില്ല. സബലങ്കയുടെ സര്‍വീസ് ഗെയിമുകള്‍ മൂന്നു തവണ ബ്രേക്ക് ചെയ്ത കീസ് 6-0ന് സെറ്റ് കൈക്കലാക്കി. എന്നാല്‍ രണ്ടും മൂന്നും സെറ്റുകള്‍ ടൈബ്രേക്കറില്‍ സ്വന്തമാക്കിയാണ് സബലെങ്ക തിരിച്ചടിച്ചത്. ചെക്ക് താരം കരോലിന മുന്‍ചോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് യു.എസിന്റെ പ്രതീക്ഷയായ കൊക്കോ ഗൗഫ് കലാശപ്പോരിന് അര്‍ഹത നേടിയത്. സ്‌കോര്‍: 6-4, 7-5.
പുരുഷവിഭാഗത്തില്‍ ലോക ഒന്നാംനമ്പര്‍ താരം കാര്‍ലോസ് അല്‍കാരാസ് സെമിയില്‍ മൂന്നാം റാങ്കുകാരന്‍ റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ നേരിടും.
ജന്‍മനിയുടെ 12-ാം സീഡ് അലക്‌സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകളില്‍ അനായാസം കീഴടക്കിയാണ് അല്‍കാരസ് അവസാന നാലില്‍ സ്ഥാനമുറപ്പിച്ചത്. സ്‌കോര്‍: 6-3, 6-2, 6-4.
നാട്ടുകാരനായ എട്ടാംസീഡ് ആന്ദ്രേ റുബ്ലേവിനെ 6-4, 6-3, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഡാനില്‍ മെദ്വദേവ് അല്‍കാരസുമായി കൊമ്പുകോര്‍ക്കാന്‍ യോഗ്യതനേടിയത്. ആദ്യ സെമിയില്‍ ഇതിഹാസതാരം നൊവാക് ജോക്കോവിച്ചിന്റെ എതിരാളി യു.എസിന്റെ ബെന്‍ ഷെല്‍ട്ടനാണ്. പുരുഷവിഭാഗം സെമി മത്സരങ്ങള്‍ ശനിയാഴ്ച നടക്കും.



