ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ്യതാമേഖലകൾ കൂടുതലുള്ളതിനാലും സെപ്റ്റംബർ 4 ന് കോന്നി താലൂക്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകുന്നതല്ല.പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.
നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മൂഴിയാർ ഡാം തുറന്നു. മൂഴിയാർ ഡാമിന്റെ ഒരു ഷട്ടറാണ് ഉയർത്തിയത്. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉൾവനത്തിൽ ഉരുൾപൊട്ടിയെന്ന് സംശയമുണ്ട്. ഗുരുനാഥൻ മണ്ണ് ഭാഗത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി.
.കഴിഞ്ഞ ദിവസം മുതൽ പത്തനംതിട്ടയിൽ പലയിടത്തായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. കനത്ത മഴ പെയ്യുന്ന സാഹച്യത്തിൽ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.
അതേസമയം വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ട്.