വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ടപാക് പ്രസിഡന്റിന്റെ കുമ്പസാരം

ഇസ്ലാമാബാദ്: പാകിസ്താനില്‍ വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ട് പ്രസിഡന്റിന്റെ കുമ്പസാരം. പാകിസ്താന്‍ ഔദ്യോഗിക രഹസ്യ ബില്‍ (ഭേദഗതി), പാകിസ്താന്‍ സൈനിക ബില്‍ (ഭേദഗതി) എന്നിവ നിയമമാക്കിയത് തന്റെ ഒപ്പോ, സമ്മതമോ ഇല്ലാതെയെന്നാണ് പ്രസിഡന്റ്് ആരിഫ് അല്‍വിയുടെ വെളിപ്പെടുത്തല്‍. നിയമങ്ങളുമായി വിയോജിക്കുന്നതിനാല്‍ ബില്ലുകളില്‍ ഒപ്പുവെച്ചില്ലെന്നാണ് അല്‍വി പറയുന്നത്. എന്നാല്‍, ജീവനക്കാര്‍ തന്റെ അഭിലാഷത്തിനും നിര്‍ദേശത്തിനും വിരുദ്ധമായി ബില്‍ നിയമമാക്കാന്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ദൈവം എന്റെ സാക്ഷിയായതിനാല്‍, ഈ നിയമങ്ങളോട് വിയോജിപ്പുള്ളതിനാല്‍ ഞാന്‍ ഔദ്യോഗിക രഹസ്യ നിയമം ഭേദഗതി ബില്‍ 2023, പാകിസ്താന്‍ സൈനിക ഭേദഗതി ബില്‍ 2023 എന്നിവയില്‍ ഒപ്പുവച്ചില്ല. ബില്ലുകള്‍ റദ്ദാകുന്നതിനായി, നിശ്ചിത സമയത്തിനുള്ളില്‍ ഒപ്പിടാത്ത ബില്ലുകള്‍ തിരികെ നല്‍കാന്‍ ഞാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. പല പ്രാവശ്യം അവരെ വിളിച്ച് ബില്‍ തിരിച്ചയച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കുകയും ചെയ്തു. എന്നാല്‍, എന്റെ ജീവനക്കാര്‍ എന്റെ ഇഷ്ടത്തെയും കല്‍പ്പനയെയും തുരങ്കം വച്ചെന്ന് ഞാന്‍ ഇന്ന് കണ്ടെത്തി. അല്ലാഹുവിന് എല്ലാം അറിയാവുന്നത് പോലെ അവന്‍ എന്നോട് ക്ഷമിക്കും. ബില്‍ ദോഷകരമായി ബാധിക്കപ്പെടുന്നവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു – അല്‍വി ട്വിറ്ററില്‍ (എക്സ്) കുറിച്ചു.
ദേശീയ അസംബ്ലിയുടെ അംഗീകാരത്തിന് ശേഷം, രണ്ട് ബില്ലുകളും സെനറ്റില്‍ അവതരിപ്പിച്ചിരുന്നു. വ്യാപക വിമര്‍ശനത്തിന്‍െ്റ പശ്ചാത്തലത്തില്‍ സെനറ്റ് ചെയര്‍മാന്‍ ബില്ലുകള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു. പിന്നീട് ഭേദഗതികളോടെ ബില്ലുകള്‍ സെനറ്റില്‍ വീണ്ടും അവതരിപ്പിച്ചു. അവ പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയച്ചു. ആരെങ്കിലും മനഃപൂര്‍വം പൊതുക്രമസമാധാന പ്രശ്നം സൃഷ്ടിക്കുകയോ ദേശവിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അവരെ കുറ്റക്കാരനാക്കുന്നതാണ് ഔദ്യോഗിക രഹസ്യങ്ങള്‍ (ഭേദഗതി) ബില്‍. ഇതിനു പുറമേ ആരെങ്കിലും നിരോധിത പ്രദേശത്ത് അക്രമം നടത്തുകയോ കേടുവരുത്തുകയോ ചെയ്താല്‍, ശത്രുവിന് പ്രത്യക്ഷമായോ പരോക്ഷമായോ പ്രയോജനം ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യമെങ്കില്‍, അതും ശിക്ഷാര്‍ഹമാണ്.
സൈനിക നിയമത്തില്‍ സൈനികരുടെ വിരമിക്കലുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉണ്ട്. അതനുസരിച്ച് സൈനികര്‍ വിരമിച്ചാല്‍ രണ്ടു വര്‍ഷത്തേയ്ക്ക് ഒരു രാഷ്ര്ടീയ പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍ കഴിയില്ല. പിരിച്ചുവിടപ്പെടുകയോ, രാജിവയ്ക്കുകയോ ചെയ്യുന്ന സൈനികര്‍ക്കും ഇതു ബാധകമാണ്. കൂടാതെ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുകയോ വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാന്‍ അര്‍ഹരാണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →