റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിപക്ഷം പിന്തുണച്ചില്ല; മാസപ്പടി വിവാദം സഭയിൽ ഒറ്റയ്ക്ക് ഉന്നയിച്ച് മാത്യു കുഴൽനാടൻ

August 10, 2023 - 7:29 pm

മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാതെ യുഡിഎഫ് പിൻമാറിയെങ്കിലും ഒറ്റയാൾ പോരാട്ടവുമായി മാത്യു കുഴൽനാടൻ എംഎൽഎ. പണം കൈപ്പറ്റിയവരിൽ യുഡിഎഫ് നേതാക്കളുടെ പേരുമുണ്ടെന്ന് വ്യക്തമായതോടെ പ്രതിപക്ഷം പിൻമാറിയെങ്കിലും മാസപ്പടി വിഷയം മാത്യു കുഴൽനാടൻ ഒറ്റയ്ക്ക് സഭയിൽ ഉന്നയിച്ചു. എന്നാൽ പ്രതിപക്ഷം പിന്തുണയ്ക്കാൻ തയ്യാറായില്ല.

സ്വജന പക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കുന്നതും അഴിമതിയാണെന്ന് മാത്യു കുഴൽനാടൻ സഭയിൽ പറഞ്ഞു. എന്നാൽ വിവാദം സഭയിൽ പറ‍ഞ്ഞ് തുടങ്ങിയതോടെ സ്പീക്ക‍ര്‍ ഷംസീര്‍ തടയിട്ടു. എന്തും വിളിച്ച് പറയാവുന്ന വേദിയല്ല സഭയെന്ന് സ്പീക്കർ പറഞ്ഞതോടെ സഭയിൽ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് എന്തിനാണെന്നും ആരെയാണ് അങ്ങ് ഭയപ്പെടുന്നതെന്നും കുഴൽനാടനും തിരിച്ച് ചോദിച്ചു. സംസാരം തടസപ്പെടുത്താൻ ശ്രമിച്ച സ്പീക്കറോട് കുഴൽനാടൻ കയ‍ർത്തു. വായ്ക്ക് തോന്നിയത് കോതക്ക് പാട്ടെന്ന പോലെ ആരൊക്കെ എന്തൊക്കെ സഭയിൽ പറയുന്നു. എന്നാൽ ഈ വിഷയം സംസാരിക്കും മുമ്പ് തന്നെ തടയുന്നു. ആരുടേയും പേര് പറഞ്ഞില്ല പിന്നെ എന്തിന് ബഹളം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും തടസപ്പെടുത്തുന്നതെന്തിനെന്ന ചോദ്യവും കുഴൽനാടൻ ഉയ‍ര്‍ത്തി. ഇതോടെ ചട്ടം അനുവദിക്കുന്നില്ലെന്ന് സ്പീക്കർ മറുപടി നൽകി.ബഹളം വച്ച് യാഥാർത്ഥ്യങ്ങളെ മാറ്റാൻ കഴിയില്ല. ജനങ്ങൾക്ക് മുന്നിൽ യാഥാർത്ഥ്യം പറഞ്ഞേ പറ്റൂവെന്നും കുഴൽ നാടൻ സഭയിൽ പറഞ്ഞു. എന്നാൽ ചട്ടം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് സ്പീക്കർ കുഴൽനാടന്റെ പ്രസംഗം അവസാനിപ്പിച്ചു. ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ലെന്നും സ്പീക്കർ അറിയിച്ചു.

മന്ത്രിമാരുൾപ്പെടെയുള്ള മറ്റുള്ളവർ പല വിഷയങ്ങളെയും പറ്റി പറഞ്ഞിട്ടും തടയാത്ത സ്പീക്കർ, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മകൾക്കുമെതിരായി സംസാരിക്കുമെന്ന് ഭയപ്പെട്ട് തന്റെ പ്രസംഗം തടസപ്പെടുത്തിയെന്നാണ് മാത്യു കുഴൽനാടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായി ആർക്കുമെതിരെ സംസാരിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതി മറയ്ക്കുന്നതിന് വേണ്ടി സിപിഎം ഇത്രയും അധഃപ്പതിച്ച ഒരു സമയം വേറെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .എംഎൽഎ എന്ന നിലയിലുള്ള അവകാശമാണ് സ്പീക്കർ തടഞ്ഞത്. അവകാശലംഘനവുമായി തങ്ങൾ മുന്നോട്ട് പോകുമെന്നും കുഴൽനാടൻ പറഞ്ഞു
അതേസമയം, വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാദ്ധ്യമങ്ങളിൽ വന്ന വാർത്തയ്ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റിന്റെ പ്രതികരണം. നിയമപരമായി പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ തമ്മിൽ നിയമപരമായി തന്നെ സേവന ലഭ്യതയ്ക്കുള്ള കരാറിലേർപ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് പണം നൽകിയത്. ആ പണം വാർഷിക അടിസ്ഥാനത്തിലുള്ളതാണ്. ഇതിന് വിശ്വാസ്യത വരുത്തുന്നതിനാണ് മാസപ്പടിയായി ചിത്രീകരിച്ചതെന്നും സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു.രാഷ്ട്രീയ പ്രവർത്തകരുടെ മക്കൾക്ക് നിയമാനുസൃതമായ ഏത് തൊഴിലും ചെയ്യുന്നതിന് മറ്റെല്ലാ പൗരന്മാർക്കുമെന്ന പോലെ അവകാശമുണ്ട്. വീണയുടെ കൺസൾട്ടിംഗ് കമ്പനിയുടെ പ്രവർത്തനങ്ങളെല്ലാം സുതാര്യമാണ്. ഇതുമായി ബന്ധപ്പെട്ടു തെറ്റായ ഒരു കാര്യങ്ങളും ഉണ്ടായിട്ടില്ലെന്നു പണം നല്‍കിയ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. മുഖ്യമന്ത്രിക്ക്‌ ഇതുമായി ഒരു ബന്ധവും ഇല്ലെന്ന കാര്യവും വ്യക്തമാണെന്നും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *