കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് ലഭ്യമായ തെളിവിൽ നിന്ന് പറയാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതാണെന്നായിരുന്നുവെന്ന പൊലീസ് റിപ്പോർട്ട് തള്ളിയാണ് മെഡിക്കൽ ബോർഡിന്റെ പ്രതികരണം. എംആർഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കത്രിക മെഡിക്കൽ കോളേജിൽ നിന്നാണെന്ന് പറയാനാകില്ലെന്നും മെഡിക്കൽ ബോർഡ് പറഞ്ഞു.
മെഡിക്കൽ ബോർഡിലെ രണ്ടു പേരാണ് പൊലീസ് റിപ്പോർട്ട് വിയോജിച്ചത്. കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതാണോ എന്നതിൽ ഉറപ്പില്ലെന്ന് മെഡിക്കൽ ബോർഡംഗങ്ങൾ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ എസിപി സുദർശനും പബ്ലിക് പ്രോസിക്യൂട്ടർ എ ജയദീപും മെഡിക്കൽ ബോർഡിന്റെ വാദങ്ങളോട് എതിർത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടയിൽത്തന്നെയാണ് പന്തീരാങ്കാവ് മണക്കടവ് മലയിൽകുളങ്ങര കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുന്ന പൊലീസ് റിപ്പോർട്ട് പൊലീസ് ഡിഎംഒയ്ക്ക് കൈമാറിയിരുന്നു.
രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരുമാണ് കുറ്റക്കാരെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.