ദക്ഷിണാഫ്രിക്ക ഇന്‍; ഇറ്റലി ഔട്ട്

-സ്വീഡന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

വെല്ലിങ്ടണ്‍: ഫിഫ വനിതാ ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ അവസാന നിമിഷത്തിലെ ഗോളില്‍ ഇറ്റലിയെ മറികടന്ന് ദക്ഷിണാഫ്രിക്ക പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തില്‍ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമായിരുന്നപ്പോള്‍ ഇറ്റലിക്ക് സമനില ധാരാളമായിരുന്നു. ഗ്രൂപ്പില്‍ ഇറ്റലിക്കു മൂന്നും ദക്ഷിണാഫ്രിക്കയ്ക്ക് ഒരു പോയിന്റുമായിരുന്നു. 11-ാം മിനുട്ടില്‍ തന്നെ ഗോള്‍ വഴങ്ങിയതോടെ ദക്ഷിണാഫ്രിക്ക ആശങ്കയായി. അരിയാന കരൂസോയാണു പെനാല്‍ട്ടിയില്‍ നിന്ന് ഇറ്റലിക്കായി ഗോള്‍ നേടിയത്. പിന്നിലായതോടെ പൊരുതിക്കയറിയ ആഫ്രിക്കന്‍ കരുത്തര്‍ക്ക് 32-ാം മിനുട്ടില്‍ അതിന്റെ പ്രതിഫലം കിട്ടി. ദക്ഷിണാഫ്രിക്കന്‍ പ്രസ്സിംഗിനൊടുവില്‍ ഇറ്റാലിയന്‍ സെന്റര്‍ബാക്ക് ബെനഡറ്റ ഓര്‍സി സ്വന്തം വലയില്‍ പന്തെത്തിച്ചു. 67-ാം മിനുട്ടില്‍ ഹിദാ മഗാലയുടെ ഗോളില്‍ മുന്നിലെത്തുമ്പോള്‍ അവശേഷിക്കുന്ന സമയം ആ ലീഡില്‍ പിടിച്ചുനില്‍ക്കുക മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. എന്നാല്‍ 74-ാം മിനുട്ടില്‍ റഫറി ഇറ്റലിക്ക് അനുകൂലമായി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത അരിയാന കരൂസോയ്ക്ക് പിഴച്ചില്ല. സ്‌കോര്‍ 2-2. വീണ്ടും ഇറ്റലിക്ക് അനുകൂലം. കളി നിശ്ചിതസമയം കഴിഞ്ഞ് ഇഞ്ചുറി ടൈമിലേക്കു കടന്നപ്പോള്‍ ഇറ്റലി നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചതാണ്. എന്നാല്‍ 92-ാം മിനുട്ടില്‍ ഇറ്റലിയുടെ നെഞ്ചുപിളര്‍ത്തി തെംബി കാറ്റ്‌ലാന ഇറ്റാലിയന്‍ ഗോള്‍കീപ്പറെ കീഴടക്കി പന്ത് വലയില്‍ നിക്ഷേപിച്ചു. തിരിച്ചടിക്കാന്‍ സമയം ബാക്കിയില്ലാതെ ഇറ്റാലിയന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ തളര്‍ന്നിരുന്നു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വീഡന്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് അര്‍ജന്റീനയെ കീഴടക്കി ഒന്‍പതു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. 66-ാം മിനുട്ടില്‍ റെബേക്ക ബ്ലോംക്വിസ്റ്റും 90-ാം മിനുട്ടില്‍ പെനാല്‍ട്ടി സ്‌പോട്ടില്‍ നിന്ന് എലിന്‍ റൂബന്‍സണുമാണ് സ്വീഡനായി ഗോള്‍ നേടിയത്. പ്രീക്വാര്‍ട്ടറില്‍ സ്വീഡന്‍ നിലവിലെ ചാമ്പ്യന്‍മാരായ യു.എസിനെ നേരിടും. കരുത്തരായ നെതര്‍ലന്‍ഡ്‌സ് ആണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.

Share
അഭിപ്രായം എഴുതാം