നിയമസഭയില്‍ 50ന്റെ തിളക്കമുള്ള ഉമ്മച്ചന്‍

കോട്ടയം: അരനൂറ്റാണ്ടുകാലം നീണ്ട നിയമസഭാ പാരമ്പര്യമുള്ള നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. 1970ല്‍ എം ജോർജിനെ തോല്‍പ്പിച്ച പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ജീവിതത്തില്‍ ഒരിക്കലും തോല്‍വി അറിഞ്ഞിട്ടില്ല. 1970 മുതല്‍ തുടര്‍ച്ചയായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായി റെക്കോര്‍ഡിട്ടു. 2020ലാണ് അദ്ദേഹം നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയത്.

1970-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി ആയിരുന്ന ഇ.എം.ജോര്‍ജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മന്‍ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലും ജയിച്ചുകയറി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ആട്ടിയുലച്ച വിവാദസമയങ്ങളില്‍ പോലും ബഹു ഭൂരിപക്ഷത്തോടെ നിയമസഭയിലേക്കയച്ച് പുതുപ്പള്ളിക്കാന്‍ ആ നേതാവിന് പിന്തുണ നല്‍കി. 1977-ല്‍ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടര്‍ന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ച് വരെ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബല നേതാക്കളില്‍ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടി. രണ്ടു വര്‍ഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന മുന്നണി വിട്ട് പ്രവര്‍ത്തിച്ചു. 1982-ല്‍ ഇടതു മുന്നണി വിട്ട് എ.കെ. ആന്റണിക്കൊപ്പം കോണ്‍ഗ്രസില്‍ മടങ്ങി എത്തിയ ഇദ്ദേഹം നിയമസഭാ കക്ഷി ഉപനേതാവായി. തുടര്‍ന്ന് കുറെ വര്‍ഷങ്ങള്‍ അദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവില്‍ ഇദ്ദേഹം യു.ഡി.എഫ്. കണ്‍വീനറായും (198286) പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി. പാര്‍ട്ടിക്കുള്ളില്‍ കരുണാകരന്‍-ആന്റണി വിഭാഗങ്ങള്‍ തമ്മിലുള്ള ചേരി തിരിവ് ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1994-ല്‍ എം.എ കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മന്‍ ചാണ്ടി മന്ത്രിസ്ഥാനം രാജി വെച്ചു.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →