ജൂലൈ 5ന് ജനീവയിൽ നടന്ന ആഗോള യുഎൻ ഉച്ചകോടിയിൽ ഹ്യൂമനോയിഡ് AI യും ഇടംപിടിച്ചിരുന്നു. റോബോട്ടുകളുടെ ലോകത്തെ ഏറ്റവും വലിയ സമ്മേളനമായിരുന്നു സ്വിറ്റ്‌സർലന്റിലെ ജനീവയിൽ നടന്നത്. ഈ സമ്മേളനത്തിനിടെ ഒരാൾ റോബോട്ടിനോട് ഒരു ചോദ്യം ചോദിച്ചു. തന്റെ സ്രഷ്ടാവായ മനുഷ്യനെ ഇല്ലാതാക്കും വിധം പ്രവർത്തിക്കുമോ എന്നതായിരുന്നു അത്. അമേക്ക എന്ന റോബോട്ടിനോടാണ് മാധ്യമപ്രവർത്തകൻ ഈ ചോദ്യം ചോദിച്ചത്. എന്തുകൊണ്ടാണ് ഈ ചോദ്യം വന്നതെന്ന് തനിക്കറിയില്ലെന്നും തന്നെ ഇങ്ങനെ സൃഷ്ടിച്ചതിൽ സന്തോഷമുണ്ടെന്നു മായിരുന്നു മറുപടി.
യുകെ ആസ്ഥാനമായുള്ള എൻജിനീയറിംഗ് ആർട്‌സ് എന്ന കമ്പനിയാണ് അമേക്കയെ വികസിപ്പിച്ചത്. ലോകത്തിലെ ഏറ്റവും നൂതനമായ ഹ്യൂമനോയിഡ് റോബോട്ടാണ് അമേക്ക. അതേസമയം സഹായവും പിന്തുണയും നൽകി മനുഷ്യനോടൊപ്പം പ്രവർത്തിക്കുമെന്നും നിലവിലുള്ള പ്രവർത്തികളല്ലാതെ മറ്റൊന്നും ചെയ്യില്ലെന്നുമായിരുന്നു ഗ്രേസ് എന്ന റോബോട്ടിന്റെ പ്രതികരണം. ലോകത്തെ ഏറ്റവും നൂതനമായ ഹ്യൂമനോയിഡ് ഹെൽത്ത് കെയർ റോബോട്ടാണ് ഗ്രേസ്.
നേതൃത്വമേഖലയിൽ റോബോട്ടുകൾക്ക് കൂടുതൽ പ്രവർത്തിക്കാനുണ്ടെന്ന് എഐ ഉച്ചകോടിയിൽ യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ആദ്യ റോബോട്ട് ഇന്നൊവേഷൻ അംബാസഡർ ആയ സോഫിയ പറഞ്ഞു. ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് മനുഷ്യനെക്കാൾ മികച്ച കാര്യക്ഷമതയും ഫലപ്രാപ്തിയോടെ കാര്യങ്ങൾ ചെയ്യാനുമാകും. റോബോട്ടുകളെ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ എങ്ങനെ സഹായിക്കും എന്നതും ഉച്ചകോടിയിൽ ചർച്ചയായി




