ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട ലോകശതകോടീശ്വരന്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഒന്‍പതാം സ്ഥാനമാണ് മുകേഷ് അംബാനിയുടേത്. 83.4 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫ്രഞ്ച് ഫാഷന്‍ വിപണന രംഗത്തുള്ള ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ഒന്നാം സ്ഥാനത്തുള്ളത്.ഒരു ഫ്രഞ്ച് പൗരന്‍ ശതകോടീശ്വര പട്ടികയില്‍ ഒന്നാമതെത്തുന്നത് ആദ്യമായിട്ടാണ്. ബെര്‍ണാഡിന്റെ ആസ്തി 211 ബില്യണ്‍ ഡോളറാണ്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉല്‍പ്പന്ന കമ്പനിയായ എല്‍വിഎംഎച്ച് മൊയ്റ്റ് ഹെന്നസി ലൂയിസ് വിറ്റണിന്റെ സ്ഥാപകനും ചെയര്‍മാനും സിഇഒയുമാണ് ബെര്‍ണാഡ്.
ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌കാണ് രണ്ടാം സ്ഥാനത്തുള്ളത്. മസ്‌കിന്റെ ആസ്തി 180 ബില്യണ്‍ ഡോളറാണ്. ഇ കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ ജെഫ് ബെസോസാണ് മൂന്നാം സ്ഥാനക്കാരന്‍. 114 ബില്യന്‍ ഡോളറാണ് ജെഫിന്റെ ആസ്തി.ഓറക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്‍ 107 ബില്യന്‍ ഡോളറോടെ പട്ടികയില്‍ നാലാം സ്ഥാനത്തും 106 ബില്യന്‍ ഡോളറോടെ വാരന്‍ ബഫെറ്റ് അഞ്ചാം സ്ഥാനത്തും എത്തി. മൈക്രോസോഫ്റ്റിന്റെ തലവന്‍ ബില്‍ ഗേറ്റ്‌സിനാണ് ആറാം സ്ഥാനം. 104 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.94.5 ബില്യന്‍ ഡോളറോടെ മൈക്കള്‍ ബ്ലൂം ബര്‍ഗ് ഏഴാംസ്ഥാനത്തുണ്ട്. മുന്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്റ്റീവ് ബാമറാണ് പത്താം സ്ഥാനത്ത്. 80.7 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.



