ന്യൂഡല്‍ഹി: സ്‌കോട്ട്ലന്‍ഡിനെ 4 വിക്കറ്റിന് വീഴ്ത്തി ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് ഗംഭീര വരവേല്‍പ്പ് നടത്തി നെതര്‍ലന്റ്സ്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമാണ് നെതര്‍ലന്റ്സ്. 2011ന് ശേഷം ആദ്യമായാണ് നെതര്‍ലന്റ്സ് ലോകകപ്പ് യോഗ്യത നേടുന്നത്. നെറ്റ് റണ്‍റേറ്റ് നോക്കിയാണ് യോഗ്യത നിശ്ചയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ലന്‍ഡ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയത് 277 റണ്‍സാണ്. മറുപടി ബാറ്റിങിന് ഇറങ്ങിയ നെതര്‍ലന്റ്സ് 42.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. ബാറ്റിങിലും ബൗളിങ്ങിലും തിളങ്ങിയ ഇരുപത്തിമൂന്നുകാരനായ ബസ് ദെ ലേദെയാണ് നെതര്‍ലന്റ്സിന്റെ ഇന്നലത്തെ കളിയിലെ ഹീറോ. 10 ഓവറില്‍ 52 റണ്‍സിന് 5 വിക്കറ്റുകള്‍ വീഴ്ത്തിയ ബസ് ദെ ലേദെ, 92 പന്തില്‍ നിന്ന് 123 റണ്‍സാണ് അടിച്ചുകൂട്ടിയത്. 5 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. റയാല്‍ ക്ലൈന്‍ രണ്ടും ലോഗന്‍ വാന്‍ ബീക്ക് ഒന്നും വിക്കറ്റ് നേടി. വിക്കറ്റ് കീപ്പറും ഓപ്പണറുമായ മാത്യൂ ക്രോസ് പൂജ്യത്തില്‍ മടങ്ങിയപ്പോള്‍ സഹഓപ്പണര്‍ ക്രിസ്റ്റഫര്‍ മക്‌ബ്രൈഡ് 32 ഉം ക്യാപ്റ്റന്‍ റിച്ചീ ബെറിംഗ്ടണ്‍ 64 ഉം റണ്‍സെടുത്തു. ജോര്‍ജ് മന്‍സി ഒന്‍പതും മൈക്കല്‍ ലീസ്‌ക് ഒന്നും മാര്‍ക് വാറ്റ് പൂജ്യത്തിനും സഫ്യാന്‍ ഷരീഫ് രണ്ടിനും പുറത്തായപ്പോള്‍ തോമസ് മക്കിന്റോഷ് 38 ഉം ക്രിസ് ഗ്രീവ്‌സ് 18 ഉം റണ്‍സ് നേടി.
ബാറ്റിംഗില്‍ മാക്‌സ് ഒഡൗഡ്(20), വിക്രംജീത്ത് സിംഗ്(40), വെസ്ലി ബെരെസി(11) എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. തേജാ നിഡമനുരു 10ഉം ക്യാപ്റ്റന്‍ സ്‌കോട് എഡ്വേഡ്‌സ് 25 ഉം റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ബസ് ദെ ലേദെ വിജയത്തിന് രണ്ട് റണ്‍സ് മാത്രം അകലെ വീണു. 33 റണ്‍സുമായി സാഖിബ് സുള്‍ഫിഖറും 1 റണ്ണുമായി ലോഗന്‍ വാന്‍ ബീക്കും നെതര്‍ലന്‍ഡ്‌സിനെ 42.5 ഓവറില്‍ ജയിപ്പിച്ചു. സ്‌കോട്ടിഷ് ടീമിനായി മൈക്കല്‍ ലീസ്‌ക് രണ്ടും ബ്രണ്ടന്‍ മക്കമല്ലനും മാര്‍ക്ക് വാറ്റും ക്രീസ് ഗ്രീവ്‌സും ഓരോ വിക്കറ്റും നേടി. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടുന്ന പത്താം ടീമാണ് നെതര്‍ലന്റ്സ്.



