റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലണ്ടൻ: ബ്രിട്ടനിലെ കെറ്ററിങ്ങിൽ നഴ്സായ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ 40 വർഷത്തെ ജയിൽശിക്ഷ ലഭിച്ച കണ്ണൂർ സ്വദേശി സാജു വിചാരണയ്ക്കിടെ കോടതിയിൽ പൊട്ടിക്കരഞ്ഞു. ശിക്ഷ വിധിച്ച നോർത്താംപ്റ്റൻ ക്രൗൺ കോടതിയിലായിരുന്നു നാടകീയ രംഗങ്ങൾ. 2022 ഡിസംബർ 15ന് ആണ് കണ്ണൂർ ശ്രീകണ്ഠാപുരം പടിയൂർ സ്വദേശിയായ സാജു ചേലവേലിൽ ഭാര്യയായ വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജുവിനെയും മക്കളെയും കൊലപ്പെടുത്തിയത്.

ഡ്രസിങ് ഗൗണിന്റെ വള്ളി ഉപയോഗിച്ചാണ് സാജു ഭാര്യയെയും കുട്ടികളെയും കൊന്നതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം നടക്കുന്ന സമയത്ത് സാജുവിന്റെ ഫോൺ റിക്കോർഡിങ് മോഡിലായിരുന്നു. ഇത് സാജു അറിഞ്ഞിരുന്നില്ല. പൊലീസ് പിടിച്ചെടുത്ത ഈ ഫോണിലെ 90 മിനിറ്റോളം വരുന്ന ഓഡിയോ, കേസിൽ നിർണായക തെളിവായി.

ഇതിൽ നിർണായകമായ ഒന്നര മിനിറ്റ് പ്രോസിക്യൂഷൻ കോടതിയെ കേൾപ്പിച്ചു. ഇതിലാണ് ‘‘അമ്മയെ കൊല്ലരുതേ’’ എന്ന ഉച്ചത്തിലുള്ള കുഞ്ഞുങ്ങളുടെ നിലവിളിയും മരണവെപ്രാളത്തിലുള്ള അഞ്ജുവിന്റെ ദയനീയമായ കരച്ചിലുമുള്ളത്. കോടതി മുറിയിൽ കുഞ്ഞുങ്ങളുടെ നിലവിളി കേട്ടതോടെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് സാജുവും വാവിട്ട് നിലവിളിച്ചു. അൽപസമയത്തിനുശേഷം സമചിത്തത വീണ്ടെടുത്ത പ്രതി പക്ഷേ, 40 വർഷത്തെ ശിക്ഷാവിധി കേട്ടപ്പോൾ നിർവികാരനായിരുന്നു. സംഭവദിവസം ഡ്യൂട്ടി കഴിഞ്ഞെത്തിയ അഞ്ജുവും (36) സാജുവുമായി (52) വഴക്കുണ്ടായെന്നു തുടർന്ന് സാജു ഭാര്യയെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. രാത്രി 2 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് അനുമാനം.

ഭാര്യയെ കൊന്നശേഷം മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ ഉറക്കഗുളിക പാലിൽ കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചു. ഇതു വിജയിക്കാതെ വന്നതോടെ മക്കളെയും സമാനമായ രീതിയിൽ ഗൗണിന്റെ വള്ളി ഉപയോഗിച്ച് കഴുത്തു മുറുക്കി കൊല്ലുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. അഞ്ജുവിന് മറ്റാരോടോ ബന്ധമുണ്ടെന്നും അവർ ആശുപത്രിയിലെ ഇ-മെയിൽ അക്കൗണ്ടിലൂടെയും ഫോൺ മെസേജുകളിലൂടെയും ബന്ധപ്പെടുന്നുണ്ടെന്നും സാജു സംശയിച്ചു.

അന്നുതന്നെ അറസ്റ്റിലായ സാജുവിനെ വിചാരണ തീരും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ നേരത്തെ നോർത്താംപ്റ്റൻഷർ ക്രൗൺ കോടതി ഉത്തരവിട്ടിരുന്നു. അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ ഇന്ത്യൻ ഹൈക്കമ്മിഷന്റെയും ബ്രിട്ടനിലെ മലയാളി അസോസിയേഷനുകളുടെ മാതൃസംഘടനയായ യുക്മയുടെയും സഹകരണത്തോടെയാണ് നാട്ടിലെത്തിച്ച് സംസ്കരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *