തിരുവനന്തപുരം : സംസ്ഥാനത്ത് ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. 2023 ജൂൺ 30ന് മുൻപ് സ്ഥാപിക്കണമെന്നായിരുന്നു നിലവിലെ നിർദേശം. എന്നാൽ സെപ്റ്റംബർ 30ന് ഉള്ളിൽ സ്ഥാപിക്കണമെന്നാണ് പുതിയ നിർദേശം. പലതവണ മാറ്റിയാണ് ഇപ്പോൾ സെപ്റ്റംബർ 30ൽ എത്തിയിരിക്കുന്നത്.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു ബസുകളിൽ ക്യാമറകൾ സഥാപിക്കാൻ തീരുമാനിച്ചത്. കെഎസ്ആർടിസി ഉൾപ്പെടെ സംസ്ഥാനത്ത് റോഡുകളിൽ ഓടുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28ന് മുൻപ് ക്യാമറകൾ സ്ഥാപിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതാണ് ആവർത്തിച്ച് നീട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ മൂന്നാം തവണയാണ് സമയപരിധി നീട്ടിനൽകിയത്. കെഎസ്ആർടിസിയുടെയും സ്വകാര്യ ബസ് ഉടമകളുടെയും എതിർപ്പിന് വഴങ്ങിയാണ് ഉത്തരവ് നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ക്യാമറ സ്ഥാപിക്കുന്നതിന് പുറമേ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ബസുകളുടെ നിരന്തര മേൽനോട്ട ചുമതലയുണ്ടാകും. ബസിൽ നിന്ന് റോഡിന്റെ മുൻവശവും അകവും കാണാവുന്ന തരത്തിൽ രണ്ട് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ക്യാമറ വാങ്ങുന്നതിനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ക്യാമറ സംബന്ധിച്ച മാർഗനിർദേശവും അതോറിറ്റി നൽകും. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏർപ്പെടുത്തും. സ്വകാര്യബസുകളുടെ മേൽനോട്ടച്ചുമതല മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകും.
തീരുമാനത്തിന് ശേഷം നാമമാത്ര സ്വകാര്യ ബസുകളിൽ മാത്രമാണ് ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ കെഎസ്ആർടിസി ബസുകളിൽ അതുമുണ്ടായില്ല. കെഎസ്ആർടിസിക്ക് മുഴുവൻ തുകയും സർക്കാർ നൽകേണ്ടിവരും. ഇതാണ് തീരുമാനം നീട്ടിയതിന് പിന്നിലെ പ്രധാന കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ക്യാമറ വാങ്ങാനുള്ള തുകയുടെ പകുതി നൽകുമെന്നും ഇതുസംബന്ധിച്ചുള്ള മാർഗനിർദേശം പുറപ്പെടുവിക്കുമെന്നുമുള്ള തീരുമാനവും ബസ് ഉടമകളെ ആശയക്കുഴപ്പത്തിലാക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയില്ലെന്നാണ് ബസുടമകൾ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ.



