രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെ അഭിനന്ദിച്ച് ബിജെപി മണിപ്പൂർ ഘടകം. നിലവിലെ സാഹചര്യത്തിൽ മണിപ്പൂർ സന്ദർശിച്ചതിന് അഭിനന്ദനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദാദേവി പറഞ്ഞു. സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരാൻ ശ്രദ്ധ കേന്ദ്രീകരിക്കണം. വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ നിലവിലെ അവസ്ഥയെ രാഷ്ട്രീയവൽക്കരിക്കരുതെന്നും എ ശാരദാ ദേവി കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ബിഷ്ണുപുരിലും മൊയ്‌റാങിലും സന്ദർശനം നടത്തി. വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ആളുകളുമായി രാഹുൽ ഗാന്ധി സംസാരിച്ചു. ഗവർണർ അനസൂയ യു.കെയെയും രാഹുൽ ഗാന്ധി കണ്ടു.
‘മണിപ്പൂരിലെ സഹോദരങ്ങളെ കേൾക്കാനാണ് ഞാൻ വന്നത്. എല്ലാ സമുദായങ്ങളിലെയും ആളുകൾ എന്നെ സ്വാഗതം ചെയ്യുകയും സ്‌നേഹിക്കുകയും ചെയ്തു. മണിപ്പൂരിലെ ജനതയെ കാണാനെത്തിയ എന്നെ സർക്കാർ തടഞ്ഞത് വളരെ ദൗർഭാഗ്യകരമാണ്. സമാധാത്തിന് മാത്രമാണ് ഞങ്ങളുടെ മുൻഗണന’. രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ജൂലൈ അഞ്ച് വരെ നീട്ടി. സ്‌കൂളുകളും അടച്ചിട്ടു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിനാടകത്തിലും രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിലും കോൺഗ്രസ് -ബിജെപി വാക്‌പോരുണ്ടായി. മണിപ്പൂർ സന്ദർശിക്കാൻ കേന്ദ്രമന്ത്രിമാരെ വെല്ലുവിളിക്കുന്നുവെന്ന് കെ സി വേണുഗോപാൽമാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇൻഫാലിൽ സുരക്ഷ വർധിപ്പിച്ചു. കലാപം തുടരുന്ന സാഹചര്യത്തിൽ കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപ്പിച്ചു. സംഘർഷ സാധ്യതയുള്ള ജില്ലകളിൽ സുരക്ഷാച്ചുമതല ഓരോ വിഭാഗത്തിന് മാത്രമായി നൽകാനാണ് നീക്കം. കലാപകാരികളുടെ ഗ്രാമങ്ങൾ കടന്നുള്ള സഞ്ചാരം പൂർണമായി തടയുന്ന നടപടിയും സേന സ്വീകരിക്കും. പൊലീസിനെ കൂടാതെ കേന്ദ്രസേനങ്ങളുടെ വൻ വിന്യാസമാണ് നിലവിൽ മണിപ്പൂരിൽ ഉള്ളത്.
കലാപബാധിത മേഖലയിൽ നിന്ന് ഫോട്ടോ എടുക്കാൻ കഴിഞ്ഞതിൽ രാഹുൽ സന്തുഷ്ടവാനാണെന്ന് പരിഹസിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. കേന്ദ്രമന്ത്രിയുടെ വിമർശനങ്ങൾക്ക് കെസി വേണുഗോപാൽ മറുപടി നൽകി



