റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാർ നിർത്താത്ത പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നു; പാരിസില്‍ കലാപം –
മരിച്ച കൗമാരക്കാരൻ കുടിയേറ്റക്കാരുടെ മകനാണെന്നും, വികലമായ കുടിയേറ്റ നയമാണ് കലാപത്തിനു കാരണമെന്നും തീവ്ര വലതുപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

June 29, 2023 - 3:45 pm

പാരിസ്: ട്രാഫിക് നിയമം ലംഘിച്ചതിനു കൈകാണിച്ചിട്ടും കാർ നിർത്താതെ പോയ പതിനേഴുകാരനെ ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു. സംഭവത്തിന്‍റെ വിഡിയൊ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ഫ്രഞ്ച് തലസ്ഥാനത്ത് കലാപ സമാനമായ അന്തരീക്ഷമായി.

കൊലപാതകത്തിൽ പ്രതിഷേധിച്ച് പാരിസ് നഗരത്തില്‍ ജനക്കൂട്ടം തെരുവിലിറങ്ങി പ്രകടനങ്ങൾ നടത്തി. ബാരിക്കേഡുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. അക്രമാസക്തരായെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസ് ആസ്ഥാനത്തിന് മുന്നിലും പ്രകടനക്കാർ ധർണ നടത്തി. ഇവിടെ രൂക്ഷമായ സംഘട്ടനം തന്നെയാണുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 150ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നാന്‍ററെയിലാണ് പ്രതിഷേധത്തിന് ആസ്പദമായ സംഭവം നടന്നത്. മരിച്ചത് പതിനേഴുകാരനായ ഡെലിവറി ഡ്രൈവര്‍. വിഡിയൊ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ കൗമാരക്കാരന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകരും ഈ വിവരം സ്ഥിരീകരിച്ചിരുന്നു.

ട്രാഫിക് നിയമലംഘനം നടത്തിയ കാര്‍ രണ്ട് പൊലീസുകാര്‍ തടയാന്‍ ശ്രമിക്കുന്നതും തോക്കുചൂണ്ടിയിട്ടും നിര്‍ത്താതിരുന്ന കാറിലേക്ക് ഒരു പൊലീസുകാരന്‍ നിറയൊഴിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കൈ കാണിച്ചിട്ടും നിർത്താത്ത വാഹനങ്ങൾക്കു നേരേ പൊലീസ് വെടിവയ്ക്കുന്നത് ഫ്രാൻസിൽ ഇതാദ്യമായല്ല. എന്നാൽ, ഇത്തരത്തിൽ ഡ്രൈവർ മരിക്കുന്ന സംഭവം സമീപകാലത്തൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വെടിവച്ച ഉദ്യോഗസ്ഥനെ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പ്രോസിക്യൂട്ടര്‍ ഓഫിസ് അറിയിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു വരുകയാണ്. കൊലപാതക ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നു ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പാര്‍ലമെന്‍റില്‍ പറഞ്ഞു.

മരിച്ച കൗമാരക്കാരൻ കുടിയേറ്റക്കാരുടെ മകനാണെന്നും, വികലമായ കുടിയേറ്റ നയമാണ് കലാപത്തിനു കാരണമെന്നും തീവ്ര വലതുപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *