വില്ലനായത് ‘ഫ്ലൂറെസിന്‍’, കലര്‍ത്തിയത് ആരെന്ന് ഇന്നും അവ്യക്തം; ദുരൂഹമായി ഗ്രാന്‍ഡ് കനാലിലെ നിറം മാറ്റം

വെനീസ്: കണ്ണീര്‍ പോലെ തെളിഞ്ഞ വെള്ളത്തിന് പ്രസിദ്ധമായ ഇറ്റലിയിലെ വെനീസിലെ ഗ്രാന്‍ഡ് കനാലിലെ കളര്‍ മാറ്റത്തിന്റെ കാരണം ഒടുവില്‍ കണ്ടെത്തി. എന്നാല്‍ കാരണക്കാര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇനിയും തുടരുകയാണ്. ഫ്ലൂറെസിന്‍ എന്ന കെമിക്കലിന്റെ സാന്നിധ്യമാണ് ഈ നിറം മാറ്റത്തിന് പിന്നിലെന്നാണ് ജല സാംപിളുകള്‍ പരിശോധിച്ചതില്‍ വിശദമായത്. വിഷകരമായ ഒരു കെമിക്കല്‍ അല്ല ഇതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. അഴുക്ക് ജലത്തിന്റെ ഒഴുക്കിന്റെ ദിശ അടക്കമുള്ളവ പരിശോധിക്കാനായി നടത്തുന്ന പഠനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന നിറം നല്‍കുന്ന വസ്തുവാണ് ഫ്ലൂറെസിന്‍.

മെയ് 28നാണ് വെനീസിലെ സുപ്രധാന വിനോദ സഞ്ചാര ഇടങ്ങളിലൊന്നായ ഗ്രാന്‍ഡ് കനാലില്‍ നിഗൂഡമായ രീതിയിലുള്ള നിറ വ്യത്യാസം ശ്രദ്ധിക്കുന്നത്. നിയോണ്‍ പച്ച നിറം കനാലിന്റെ ഒരു വശത്ത് നിന്ന് എതിര്‍ വശത്തേക്ക് പടരുന്ന നിലയിലായിരുന്നു നിറ വ്യത്യാസം. അധികൃതര്‍ ജല സാംപിളുകള്‍ പരിശോധിക്കാന്‍ എടുക്കുകയും കനാലില്‍ ബോട്ട് ഓടിക്കുന്നവരേയും അധികൃതര് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നിറം മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായിരുന്നില്ല. വെനീസിലെ മേഖലാ പ്രസിഡന്‍റ് സംഭവത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ പഴിച്ചിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചെയ്തതാണെന്നായിരുന്നു ലൂക്കാ സിയ നടത്തിയ വിമര്‍ശനം.

എന്നാല്‍ ഒരു പരിസ്ഥിതി ഗ്രൂപ്പും നിറം കലര്‍ത്തലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. ഇതോടെയാണ് ചില പ്രത്യേകയിനം പായലുകളുടെ അമിത വളര്‍ച്ചയാണ് നിറം മാറ്റത്തിന് പിന്നിലെന്ന സംശയം ഉയര്‍ന്നത്. ഇത് ആദ്യമായല്ല ഗ്രാന്‍ഡ് കനാലില്‍ ഇത്തരം നിറമാറ്റമുണ്ടാവുന്നത്. 1968ലും സമാനമായ ഒരു നിറം മാറ്റം ഗ്രാന്‍ഡ് കനാലില്‍ ഉണ്ടായിരുന്നു. അന്ന് അര്‍ജന്റീന അടിസ്ഥാനമായുള്ള പരിസ്ഥിതി പ്രവര്‍ത്തകരായിരുന്നു 1968ലെ നിറം മാറ്റത്തിന് പിന്നില്‍. അന്നും ഉപയോഗിച്ചത് ഫ്ലൂറെസിന്‍ തന്നെയെന്നതാണ് ശ്രദ്ധേയം. 

Share
അഭിപ്രായം എഴുതാം